
ഉജ്ജീവന്‍ ബാങ്കിന്‍റെ മൈക്രോ ബാങ്കിങ് ഉപഭോക്താക്കള്‍ക്കായുള്ള പ്രത്യേക മൊബൈല്‍ ബാങ്കിങ് സംവിധാനമായ ഹലോ ഉജ്ജീവന്‍ ആപ്പ് പുറത്തിറക്കിയ ശേഷം ഇതുവരെ 690 കോടി രൂപയിലേറെ വരുന്ന സമ്പത്തിക ഇടപാടുകള്‍ക്ക് അവസരമൊരുക്കി. ഗ്രൂപ്പ് ആയും വ്യക്തിഗതമായുമുള്ള മൈക്രോ ഫിനാന്‍സ് ഉപഭോക്താക്കള്‍ക്കായുള്ള ഇത് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗം പേരും ആദ്യമായി ഡിജിറ്റല്‍ ബാങ്കിങ് പ്രയോജനപ്പെടുത്തുന്നവരാണ്. എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനും ഇടയിലെ നിര്‍ണായക പാതയായി ഈ ആപ്പ് മാറിയിട്ടുണ്ട്.
ഹലോ ഉജ്ജീവന്‍ 13 ലക്ഷത്തിലേറെ ഡൗണ്‍ലോഡുകളുമായി മൈക്രോ ബാങ്കിങ് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ചലനമാണുണ്ടാക്കുന്നത്. ശരാശരി 35 വയസു പ്രായമുള്ള വനിതകളാണ് ഇവരില്‍ 98 ശതമാനവും. ഈ ആപ്പ് വഴി 277 കോടി രൂപയുടെ വായ്പാ തിരിച്ചടവു നടന്നിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളും റെക്കറിങ് നിക്ഷേപങ്ങളും വഴി 358 കോടി രൂപയുടെ നിക്ഷേപങ്ങളും ഇതിലൂടെ നടന്നു. 34 കോടി രൂപയുടെ വ്യക്തിഗത വായ്പാ വിതരണവും 2.4 കോടി രൂപ മൂല്യം വരുന്ന 36,000 ഹോസ്പികെയര്‍ ഇന്‍ഷൂറന്‍സ് വാങ്ങലുകളും ഇതിലൂടെ നടന്നു. ഇതിനു പുറമെ അഞ്ചു ലക്ഷം വായ്പാ വിതരണങ്ങള്‍ ഇതിലൂടെ ഡിജിറ്റലായി അക്നോളജ് ചെയ്യുകയുമുണ്ടായി. ബാങ്ക് സന്ദര്‍ശനത്തിന്‍റെ ആവശ്യമാണ് ഇതിലൂടെ ഒഴിവാക്കപ്പെട്ടത്. ഫിസിക്കലില്‍ നിന്നു ഡിജിറ്റലിലേക്കുള്ള ഈ മാറ്റം മുന്‍പ് ഔപചാരിക ബാങ്കിങ് സാങ്കേതികവിദ്യകളുമായി പരിചിതരല്ലാതിരുന്ന ഉപഭോക്താക്കള്‍ക്കിടയിലെ ഗണ്യമായ തോതിലെ മാറ്റമാണ് കാണിക്കുന്നത്.
വോയ്സ്, വിഷ്വല്‍, പ്രാദേശിക ഭാഷകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ മൊബൈല്‍ ബാങ്കിങ് ആപ്പ് ആയ ഹലോ ഉജ്ജീവന്‍ അടിസ്ഥാന തലത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. വോയ്സ് അസിസ്റ്റന്‍സ്, വിഷ്വല്‍ നാവിഗേഷന്‍ വിവിധ ഭാഷകളിലായുള്ള ഉപയോഗം എന്നിവ ഇതില്‍ സാധ്യമാണ്. ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം, പഞ്ചാബി, ആസാമീസ്, ഒഡിയ, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഇതിന്‍റെ സേവനം ലഭ്യമാണ്. സാക്ഷരത, ഭാഷ എന്നിവ സംബന്ധിയായ തടസങ്ങള്‍ ഇതില്‍ ഒഴിവാക്കപ്പെടുന്നത് മൈക്രോ ബാങ്കിങ് ഉപഭോക്താക്കള്‍ക്ക് സ്വതന്ത്രമായി അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍ നിറവേറ്റാന്‍ സഹായകമാകും. ലോണ്‍ കിട്ടിയത് അറിയിക്കല്‍, തിരിച്ചടക്കല്‍, സമ്പാദ്യം, ഇന്‍ഷൂറന്‍സ് തുടങ്ങിയവയെല്ലാം അവരുടെ താല്‍പര്യമുള്ള ഭാഷയില്‍ താല്‍പര്യമുള്ള രീതിയില്‍ നിര്‍വഹിക്കാന്‍ ഇതു വഴിയൊരുക്കും. വ്യക്തിഗത വായ്പകള്‍ സമ്പൂര്‍ണമായി ഇതിലൂടെ സാധ്യമാകും. നെഫ്റ്റ്, ഐഎംപിഎസ് ഇടപാടുകള്‍ ഡിജിറ്റല്‍ ദിക്ഷ വഴിയുള്ള സാമ്പത്തിക സാക്ഷരത തുടങ്ങിയവയും ഇതിലൂടെ സാധ്യമാണ്. ദീര്‍ഘകാല സാമ്പത്തിക അച്ചടക്കത്തോടെ സാമ്പത്തിക നേട്ടങ്ങള്‍ നിരീക്ഷിച്ചു മുന്നോട്ടു പോകാന്‍ വഴിയൊരുക്കുന്നതാണ് ഡിജിറ്റല്‍ ദിക്ഷ.