
പ്രമുഖ സ്വകാര്യ ബാങ്കായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സാമ്പത്തിക നില ശക്തമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുന്നതിനാല്‍ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആര്‍.ബി.ഐ അറിയിച്ചു.
ബാങ്കിന്റെ മൂലധന സ്ഥിതി, സാമ്പത്തിക ശേഷി, പ്രൊവിഷന്‍ കവറേജ് അനുപാതം എന്നിവ ശക്തമായി തുടരുന്നുണ്ട്. ഇത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സ്ഥിരമായി തുടരുന്നുവെന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അവരുടെ പണം സുരക്ഷിതമാണ്. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 16.46 ശതമാനവും പണലഭ്യത അനുപാതം 113 ശതമാനവുമാണ്. ബാങ്കിന്റെ സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരുന്നതിനാല്‍ നിലവില്‍ ധനസ്ഥിതിയെക്കുറിച്ച് നിക്ഷേപകര്‍ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല.
ഊഹാപോഹങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് സാമ്പത്തിക താല്‍പ്പര്യങ്ങള്‍ നന്നായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാം.