Mahindra Manulife : മഹീന്ദ്ര മാനുലൈഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു

Mahindra Manulife
Published on

കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെയും (മഹീന്ദ്ര ഫിനാന്‍സ്) മാനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് (സിംഗപ്പൂര്‍) പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമായ മഹീന്ദ്ര മാനുലൈഫ് മ്യൂച്വല്‍ ഫണ്ട്, മഹീന്ദ്ര മാനുലൈഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു. ബാങ്കിംഗ്, സാമ്പത്തിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികളിലും ഓഹരികളുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ച നേടാനാണ് ഈ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി പദ്ധതി ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് & ഇന്‍ഷുറന്‍സ് (ബിഎഫ്എസ്ഐ) മേഖല ശക്തമായ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ചുവരുന്ന ധനകാര്യവല്‍ക്കരണം, ഡിജിറ്റല്‍ സ്വീകാര്യത, പ്രതിശീര്‍ഷ വരുമാനത്തിലെ വര്‍ദ്ധനവ്, അനുകൂലമായ റെഗുലേറ്ററി അന്തരീക്ഷം എന്നിവ പോലുള്ള ദീര്‍ഘകാല ഘടനാപരമായ വളര്‍ച്ചാനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഈ ഫണ്ട് ലക്ഷ്യമിടുന്നു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്മെന്‍റ് കമ്പനികള്‍, ബ്രോക്കിംഗ്, ഫിന്‍ടെക്, മറ്റ് ധനകാര്യ സേവനങ്ങള്‍ എന്നിവയിലുടനീളം ഈ മേഖലയുടെ വളര്‍ച്ചയില്‍ പങ്കുചേരാന്‍ നിക്ഷേപകര്‍ക്ക് ഈ പദ്ധതിയിലൂടെ സാധിക്കും.

ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സമ്പദ്വ്യവസ്ഥ കൂടുതല്‍ ഔപചാരികമാവുകയും സാമ്പത്തിക ഉള്‍ക്കൊള്ളല്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ ഈ മേഖല ദീര്‍ഘകാല ഘടനാപരമായ വളര്‍ച്ചാ സാധ്യതകള്‍ നല്‍കുന്നു. തങ്ങളുടെ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് ചിട്ടയായതും ശാസ്ത്രീയവുമായ നിക്ഷേപ സമീപനത്തിലൂടെ ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നുവെന്ന് മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റിന്‍റെ എംഡിയും സിഇഒയുമായ ആന്തണി ഹെറേഡിയ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക പശ്ചാത്തലത്തില്‍ ബാങ്കിംഗ് ഒരു ശക്തമായ പിന്‍ബലമായാണ് നിലകൊള്ളുന്നത്. എന്നാല്‍ അവസരങ്ങള്‍ ഇതിലും വളരെ വലുതാണ്. ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പോലുള്ള പരമ്പരാഗത സ്ഥാപനങ്ങള്‍ മുതല്‍ ഇന്ത്യയുടെ സമ്പാദ്യം, വായ്പ, നിക്ഷേപം, ഇടപാടുകള്‍ എന്നിവയില്‍ നവീകരണം കൊണ്ടുവരുന്ന വളര്‍ന്നുവരുന്ന സ്ഥാപനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന ബിഎഫ്എസ്ഐ മേഖലകളിലെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന ഒരു വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കാനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്. ഇത് അടിസ്ഥാനപരമായ കാര്യങ്ങളിലും മൂല്യനിര്‍ണ്ണയത്തിലും ചിട്ടയായ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റിന്‍റെ ഇക്വിറ്റി വിഭാഗം സിഐഒ കൃഷ്ണ സാംഘവി പറഞ്ഞു.

ഇന്ത്യയുടെ മൊത്തം വിപണി മൂലധനത്തിന്‍റെ മൂന്നിലൊന്നിലധികം വരുന്നതും കോര്‍പ്പറേറ്റ് ലാഭത്തില്‍ വര്‍ദ്ധിച്ചുവരുന്ന പങ്കുള്ളതുമായ ധനകാര്യ സേവന മേഖല, ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്മെന്‍റ് കമ്പനികള്‍, ഫിന്‍ടെക്, ഡിജിറ്റല്‍ ബ്രോക്കിംഗ് തുടങ്ങിയ കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങളിലെ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഈ ഫണ്ട് സഹായിക്കുന്നു.

ഈ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ജൂണ്‍ 27-ന് ആരംഭിച്ച് 2025 ജൂലൈ 11-ന് അവസാനിക്കും. 2025 ജൂലൈ 21 മുതല്‍ ഈ പദ്ധതി തുടര്‍ച്ചയായ വില്‍പ്പനയ്ക്കും തിരികെ വാങ്ങുന്നതിനുമായി വീണ്ടും തുറക്കും.

Related Stories

No stories found.
Times Kerala
timeskerala.com