ചാഞ്ചാട്ടമുള്ള വിപണിയില്‍ എസ്‌ഐപിയാണോ ഒറ്റത്തവണ നിക്ഷേപമാണോ മികച്ചത്?

investment
Published on

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) എന്നത് എല്ലാ മാസവും/ക്വാര്‍ട്ടറിലും മുന്‍കൂട്ടി നിശ്ചയിച്ച ഒരു തുക ഇഷ്ടമുള്ള നിക്ഷേപ തീയതിയില്‍ നിക്ഷേപിക്കാനുള്ള ഒരു സൗകര്യം മാത്രമാണ്. നിങ്ങളുടെ പണം നിക്ഷേപിക്കപ്പെടുന്ന അടിസ്ഥാന ഫണ്ട് ഒന്നുതന്നെയായിരിക്കും. ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കണമോ അതോ എസ്‌ഐപി സൗകര്യം പ്രയോജനപ്പെടുത്തണോയെന്നത് നിങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു.

ഒരേ ഫണ്ടിലാണ് നിക്ഷേപം നടത്തുന്നതെങ്കില്‍, ഒരു നിക്ഷേപ രീതി മറ്റേതിനേക്കാള്‍ എങ്ങനെ മികച്ചതാകും? ഒറ്റത്തവണ നിക്ഷേപ മാര്‍ഗ്ഗം (lump sum route) ആണോ എസ്‌ഐപി മാര്‍ഗ്ഗം (SIP route) ആണോ തിരഞ്ഞെടുക്കേണ്ടത് എന്നത് നിങ്ങളുടെ വരുമാനത്തെയും നിലവിലെ സാഹചര്യത്തെയും ആശ്രയിച്ചിരിക്കും. സ്ഥിരമായ വരുമാനക്കാര്‍ക്ക് എസ്‌ഐപി വളരെ അനുയോജ്യമാണ്, കാരണം ഇത് മാസ വരുമാനത്തെയും ചെലവുകളെയും ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. അതേസമയം, വരുമാനം ക്രമരഹിതമാണെങ്കില്‍, ഒരുപക്ഷേ ഒറ്റത്തവണ നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. എസ്‌ഐപി ചെയ്യുന്ന ഫണ്ടില്‍തന്നെ ഒറ്റത്തവണയായി അധിക തുക നിക്ഷേപിക്കുകയും ചെയ്യാം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി വലിയൊരു തുക ലഭിക്കുകയോ ബോണസ് കിട്ടുകയോ ചെയ്യുമ്പോള്‍.

ഒരേ സമയം രണ്ടും ഉപയോഗിക്കാന്‍ പറ്റുമെങ്കിലും ഏതാണ് നല്ലതെന്ന ആശയക്കുഴപ്പമുണ്ടെങ്കില്‍ എങ്ങനെ തീരുമാനിക്കാം?

ചിട്ടയായ നിക്ഷേപം എന്ന ശീലം വളര്‍ത്താന്‍ എസ്‌ഐപി മികച്ച മാര്‍ഗ്ഗമാണ്. ബാങ്ക് അക്കൗണ്ടിലുള്ള പണം മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ തോന്നിയേക്കാം, എന്നാല്‍ എസ്‌ഐപി വഴി അത് ഉത്പാദനക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കും. നിക്ഷേപ കാര്യങ്ങളില്‍ കൂടുതല്‍ അച്ചടക്കമുള്ളവരും ചിട്ടയുള്ളവരും ആക്കാന്‍ സഹായിക്കുന്ന ഒന്നാണ് എസ്‌ഐപി. സ്ഥിരമായി നിക്ഷേപിക്കുന്നതുകൊണ്ട്, വിപണിയുടെ ഉയര്‍ച്ച താഴ്ചകളിലൂടെ നിക്ഷേപം നടത്താന്‍ സാധിക്കുകയും ഹ്രസ്വകാലത്തെ ചാഞ്ചാട്ടങ്ങളുടെ പ്രയോജനം നേടുകയും ചെയ്യാം. ഏത് ഫണ്ടുകളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ലിക്വിഡ് ഫണ്ടുകളിലെ എസ്‌ഐപികള്‍ ഉപയോഗിച്ച് എമര്‍ജന്‍സി ഫണ്ട് കെട്ടിപ്പടുക്കാന്‍ കഴിയും. അതിനായി ബാങ്ക് അക്കൗണ്ടില്‍ വലിയ തുക ആവശ്യമില്ല.

സ്ഥിരമായി ശമ്പളം വാങ്ങുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം, എസ്‌ഐപി മാര്‍ഗ്ഗം ഉപയോഗിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. ഒരേ ദിവസം ആരംഭിച്ച ഒറ്റത്തവണ നിക്ഷേപവും എസ്‌ഐപിയും തമ്മില്‍ നേട്ടം താരതമ്യം ചെയ്യുകയാണെങ്കില്‍, ദീര്‍ഘകാലയളവില്‍ ഒറ്റത്തവണ നിക്ഷേപമാണ് കൂടുതല്‍ മികച്ചതായി തോന്നുക, കാരണം ഇന്ത്യന്‍ ഓഹരി വിപണി ഒരു ദിശയിലേക്ക്, അതായത് മുകളിലേക്ക് മാത്രമാണ് ചലിച്ചിട്ടുള്ളത്.

വ്യത്യാസം എന്തെന്നാല്‍, 10 വര്‍ഷം മുന്‍പ് 1 ലക്ഷം രൂപയോ 10 ലക്ഷം രൂപയോ ഉള്ള ഒരു ഒറ്റത്തവണ നിക്ഷേപം മാത്രമാവാം അത്. എന്നാല്‍ എസ്‌ഐപി ചെയ്യുന്നതിലൂടെ, കഴിഞ്ഞ 10 വര്‍ഷമായി എല്ലാ മാസവും എന്തെങ്കിലും തുക നിക്ഷേപിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ഗണ്യമായി ഉയര്‍ന്ന തുക സ്വരുക്കൂട്ടാനും നിക്ഷേപിക്കാനും സാധിച്ചിട്ടുണ്ടാകും. അതിനാല്‍, എസ്‌ഐപിയുടെ വലിയ നേട്ടം ചിട്ടയായതും സ്ഥിരമായതുമായ നിക്ഷേപ ശീലമാണ്.

എസ്‌ഐപി വഴി നിങ്ങള്‍ക്ക് നെഗറ്റീവ് റിട്ടേണ്‍ ലഭിക്കുമോ?

നിക്ഷേപം നടത്തുന്ന ഫണ്ടിന്റെ വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും ഇത്. ഡെറ്റ് ഫണ്ടുകളില്‍ നെഗറ്റീവ് റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്. ഓവര്‍നൈറ്റ്, ലിക്വിഡ്, ഷോര്‍ട്ട് ടേം തുടങ്ങിയ വിഭാഗങ്ങളെ ആശ്രയിച്ച് റിസ്‌ക് താരതമ്യേന കുറഞ്ഞ ഫണ്ടുകളാണ് ഇവ. എന്നാല്‍ ഇക്വിറ്റി ഫണ്ടുകളില്‍ നെഗറ്റീവ് റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, പ്രത്യേകിച്ച് നിങ്ങള്‍ ഹ്രസ്വകാല നിക്ഷേപമാണ് ലക്ഷ്യമിടുന്നതെങ്കില്‍. ഇക്വിറ്റി ഫണ്ടുകളില്‍ എസ്‌ഐപി ചെയ്യുമ്പോള്‍ ദീര്‍ഘകാല കാഴ്ചപ്പാട് പുലര്‍ത്തണം. കുറഞ്ഞത് 10 വര്‍ഷമെങ്കിലും കൈവശം വെച്ചാല്‍ ഇക്വിറ്റി ഫണ്ട് വിഭാഗങ്ങളിലെ എസ്‌ഐപികള്‍ നഷ്ടത്തില്‍ കലാശിക്കില്ലെന്ന് ET യുടെ സമീപകാല ലേഖനം കാണിക്കുന്നു. അതിനാല്‍, ഇടയില്‍ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും, ദീര്‍ഘകാലയളവില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് റിട്ടേണ്‍ ലഭിക്കും.

എത്ര കാലം എസ്‌ഐപി തുടരണം, പ്രതിമാസം മിച്ചം പിടിക്കാവുന്ന തുക വര്‍ദ്ധിക്കുകയാണെങ്കില്‍ എന്തുചെയ്യാം?

എത്രകാലം വേണമെങ്കിലും എസ്‌ഐപി തുടരാം. ഫണ്ടിന്റെ പ്രകടനം മികച്ചതാണെങ്കില്‍ നിക്ഷേപ നിര്‍ത്തുകയോ മറ്റ് ഫണ്ടുകളിലേയ്ക്ക് മാറുകയോ ചെയ്യേണ്ട ആവശ്യമില്ല. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഭാഗികമായി പണം പിന്‍വലിച്ചാലും ബാക്കി നിക്ഷേപം തുടരാമെന്നതാണ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രത്യേകത.

വര്‍ഷംതോറും എസ്‌ഐപി തുക വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പുതിയതില്‍ ചേരുന്നതിന് പകരം നിലവിലെ ഫണ്ടിലെ തുക വര്‍ധിപ്പിച്ചാല്‍ മതി. എസ്‌ഐപി ടോപ്പ് അപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്.

എസ്‌ഐപി ടോപ്പ് അപ്പ് ചെയ്യുക, ഭാഗികമായി തുക പിന്‍വലിക്കുക അല്ലെങ്കില്‍ ആവശ്യമുള്ളപ്പോള്‍ നിര്‍ത്തിവെക്കുക - മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഇതെല്ലാം സാധ്യമാണ്.

ഓരോ ലക്ഷ്യത്തിനും വെവ്വേറെ എസ്‌ഐപി ആരംഭിക്കുക എന്നതാണ് മറ്റൊരുമാര്‍ഗം. അങ്ങനെ വരുമ്പോള്‍ ഒരു ലക്ഷ്യം പൂര്‍ത്തീകരണത്തോട് അടുക്കുമ്പോള്‍ ഏതില്‍ നിന്ന് പണം എടുക്കണമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.

പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ ഇതാ:

1. ബാങ്ക് അക്കൗണ്ടിലുള്ള പണം മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. എസ്‌ഐപികള്‍ ഓട്ടോമേറ്റഡ് ആയതുകൊണ്ട് എസ്‌ഐപി വഴി അത് ഉത്പാദനക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കും.

2. ചാഞ്ചാട്ടമുള്ള ആസ്തികളില്‍ ഘട്ടം ഘട്ടമായുള്ള നിക്ഷേപ (staggered investing)മാണ് നല്ലത്. സ്ഥിരമായ വരുമാനം ആസ്തികളില്‍ ഒറ്റത്തവണ നിക്ഷേപവും.

3. ഹ്രസ്വകാല ലക്ഷ്യമോ ദീര്‍ഘകാല ലക്ഷ്യമോ ആകട്ടെ അനുയോജ്യമായ നിക്ഷേപ രീതിയാണ് എസ്‌ഐപി.

4. ഓരോ ലക്ഷ്യത്തിനും വെവ്വേറെ എസ്‌ഐപി ആരംഭിക്കുക. ലക്ഷ്യം പൂര്‍ത്തിയാക്കേണ്ട സമയമാകുമ്പോള്‍ ഏതില്‍നിന്ന് പണം എടുക്കണമെന്ന് എളുപ്പത്തില്‍ അറിയാന്‍ കഴിയും.

5. 10 വര്‍ഷമെങ്കിലും നിക്ഷേപം തുടര്‍ന്നാല്‍ ഇക്വിറ്റി ഫണ്ടുകളിലെ എസ്‌ഐപി നിക്ഷേപങ്ങളില്‍ നെഗറ്റീവ് റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത ഇല്ല

Related Stories

No stories found.
Times Kerala
timeskerala.com