
ആഗോള തലത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ സാമ്പത്തിക സാഹചര്യം ഇപ്പോഴും ദുര്‍ബലമാണ്. വ്യാപാര തര്‍ക്കങ്ങള്‍ വര്‍ദ്ധിച്ചതും, നയപരമായ പ്രവചനാതീതത്വവും, കുറഞ്ഞ ഉപഭോക്തൃ ആത്മവിശ്വാസവും കാരണം 2025-ലേക്കുള്ള ആഗോള ജിഡിപി വളര്‍ച്ചാ പ്രവചനം അന്താരാഷ്ട്ര നാണയ നിധി (IMF) 2.8% ആയി കുറച്ചു.
ഈ ആഗോള പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും, ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാനങ്ങള്‍ ശക്തമായി തുടരുന്നു. സര്‍ക്കാരിന്റെ ധനകാര്യ വിവേകവും പ്രതിബദ്ധതയും വളര്‍ച്ചയെ പിന്തുണയ്ക്കുന്ന പണ നയവും സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ശക്തമായ ഗ്രാമീണ ആവശ്യകത, മെച്ചപ്പെടുന്ന നഗര ഉപഭോഗം, നിക്ഷേപത്തിലെ തുടര്‍ച്ചയായ മുന്നേറ്റം എന്നിവ 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞതും അനുകൂലമായ മണ്‍സൂണ്‍ പ്രതീക്ഷകളും കാരണം 2025 മെയില്‍ പണപ്പെരുപ്പം 2.8% ആയി കുറഞ്ഞു, ഇത് 2019 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്.
2024-ല്‍ ഓഹരി വിപണിയിലെ ശക്തമായ മുന്നേറ്റം വൈവിധ്യവല്‍ക്കരണത്തിന്റെ ആപേക്ഷികമായ നേട്ടം പരിമിതപ്പെടുത്തുന്നതായി കണ്ടു. എന്നാല്‍ ചാഞ്ചാട്ടം തിരികെ വരുന്നതോടെ വിവിധ മേഖലകളുടെ പ്രകടനം വ്യത്യാസപ്പെടുകയും വൈവിധ്യവല്‍ക്കരിച്ച സമീപനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു. ഓഹരി നിക്ഷേപത്തിന് ദീര്‍ഘകാലയളവില്‍ പണപ്പെരുപ്പത്തെ മറികടക്കാനുള്ള സാധ്യത കല്പിച്ചുനല്‍കിയിട്ടുണ്ടല്ലോ. അതേസമയം, ഹൈബ്രിഡ് ഫണ്ടുകള്‍ക്ക് താരതമ്യേന കുറഞ്ഞ നഷ്ട സാധ്യതയോടെ റിസ്‌ക് ക്രമീകരിച്ച നേട്ടം പരമാവധി നല്‍കാന്‍ കഴിഞ്ഞേക്കാം. മൂലധന സംരക്ഷണത്തോടൊപ്പം പോര്‍ട്ട്‌ഫോളിയോ സ്ഥിരതയ്ക്കും പ്രാധാന്യം നല്‍കുന്ന നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ സാധ്യതയാണ് ഇത് നല്‍കുന്നത്.
മള്‍ട്ടി അസറ്റ് അലോക്കേഷന്‍ പോലുള്ള ഹൈബ്രിഡ് ഫണ്ടുകള്‍ നിലവിലെ സാഹചര്യത്തില്‍ അനുകൂലമായ നിക്ഷേപ സാധ്യത നല്‍കുന്നു. വ്യത്യസ്ത നിക്ഷേപ ആസ്തികളിലെ പ്രത്യേക റിസ്‌ക്-റിട്ടേണ്‍ സ്വഭാവത്തില്‍ നിന്ന് ഈ ഫണ്ടുകള്‍ക്ക് പ്രയോജനം ലഭിക്കുന്നു. അതൊകൊണ്ടുതന്നെ തന്ത്രപരമായ ആസ്തി വിനിയോഗം അനിവാര്യമാക്കുന്നു. സ്ഥിര വരുമാനം (fixed income), ഉത്പന്ന ആസ്തികള്‍ (commodities) എന്നിവയ്ക്കിടയില്‍ മാറ്റം വരുത്തി വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി റിസ്‌ക് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അതിലൂടെ കഴിയുന്നു. ഓഹരികളുടെ മൂല്യനിര്‍ണയം ഉയര്‍ന്ന നിലയിലായിരിക്കുകയും ബോണ്ട് വരുമാനം സ്ഥിരത കൈവരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, മള്‍ട്ടി-അസറ്റ് പോര്‍ട്ട്‌ഫോളിയോകളില്‍ കമ്മോഡിറ്റികള്‍, പ്രത്യേകിച്ച് സ്വര്‍ണ്ണം, പ്രധാന പങ്ക് വഹിക്കുന്നു. പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ അപകട സാധ്യതകള്‍, വിപണിയിലെ ചാഞ്ചാട്ടം എന്നിവയ്‌ക്കെതിരായ ഫലപ്രദമായ സുരക്ഷ (hedges) ഇവ നല്‍കുന്നു.
പരമ്പരാഗത ആസ്തികളുടെ പരസ്പര ബന്ധത്തിലെ കുറവ് വൈവിധ്യവത്കരണത്തെ പിന്തുണയ്ക്കുന്നു. അതേസമയം, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകളും ജാഗ്രതയുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും പിന്തുണയ്ക്കുന്ന, സ്വര്‍ണ്ണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പദവി, ഇന്നത്തെ അനിശ്ചിതമായ സാഹചര്യത്തില്‍ ഇതൊരു തന്ത്രപരമായ അലോക്കേഷന്‍ ആക്കി മാറ്റുന്നു. അതിനാല്‍, സങ്കീര്‍ണ്ണമായ സാമ്പത്തിക സാഹചര്യത്തില്‍ റിസ്‌ക് ക്രമീകരിച്ച് പരമാവധി നേട്ടമുണ്ടാക്കാന്‍ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ക്ക് അവസരംലഭിക്കും.
പരസ്പര ബന്ധം കുറഞ്ഞ വ്യത്യസ്ത ആസ്തികളാല്‍ വൈവിധ്യവല്‍ക്കരിച്ച പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിക്കുന്നത് നഷ്ട സാധ്യത (downside risk) കുറയ്ക്കാന്‍ സഹായിക്കുന്നു. സാമ്പത്തിക- ഭൗമരാഷ്ട്രീയ കാരണങ്ങളാല്‍ ഓഹരി വിപണി ഇടിയുമ്പോള്‍, നിക്ഷേപകര്‍ താരതമ്യേന സുരക്ഷിതത്വം തേടുന്നതിനാല്‍ ഡെറ്റ് (debt), സ്വര്‍ണ്ണം പോലുള്ള മറ്റ് ആസ്തികളുടെ മൂല്യം വര്‍ധിക്കാന്‍ സാധ്യയുണ്ട്. ഇത്തരത്തില്‍ പരസ്പരബന്ധം കുറഞ്ഞ ആസ്തികളിലൂടെ മികച്ച നേട്ടമുണ്ടാക്കാന്‍ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ക്ക് സാധിക്കുന്നു. ഇത് നഷ്ട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ക്ക് വ്യത്യസ്ത ആസ്തികളില്‍ ചലനാത്മകമായി നിക്ഷേപം ക്രമീകരിക്കാനാകും. ഓഹരി വിഹിതം 65 ശതമാനമെങ്കിലും നിലനിര്‍ത്തേണ്ടതിനാല്‍ മൂലധനനേട്ടത്തിന് സ്ലാബ് നിരക്കിന് പകരം ഇക്വിറ്റി നികുതി വ്യവസ്ഥയാണ് ബാധകമാകുക. ഇത് നിക്ഷേപം ആകര്‍ഷകമാക്കുന്നു. പോര്‍ട്ട്‌ഫോളിയോയിലെ ചാഞ്ചാട്ടം കുറയ്ക്കുന്നതിനായി ഡെറിവേറ്റീവുകള്‍ ഉപയോഗിച്ച് ഹെഡ്ജ്ഡ് ഇക്വിറ്റി അലോക്കേഷനുകള്‍ നടത്താനും ഇക്വിറ്റി ടാക്‌സേഷന്‍ യോഗ്യത നിലനിര്‍ത്താനും ഈ ഫണ്ടുകള്‍ക്ക് കഴിയും.
ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങള്‍ക്കായി നികുതി കാര്യക്ഷമമായ വഴികള്‍ തേടുന്ന നിക്ഷേപകര്‍ക്ക് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണ്. ഈ ഫണ്ടുകള്‍ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുടെ പ്രയോജനങ്ങളും ഹ്രസ്വകാല റിസ്‌ക് സംരക്ഷണവും (downside protection) നികുതി കാര്യക്ഷമതയും സംയോജിപ്പിക്കുന്നതുകൊണ്ടുതന്നെ ് മികച്ച നിക്ഷേപ സാധ്യതയാണ് നല്‍കുന്നത്.
രാജസ കെ. വൈസ് പ്രസിഡന്റ് & പോര്‍ട്ട്‌ഫോളിയോ മാനേജര്‍- എമേര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇക്വിറ്റി-ഇന്ത്യ, ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍.