
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റും തൻ്റെ അഞ്ചാമത്തെ ബജറ്റും അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണം പൂർത്തിയായി. കേരളം ഒരു വികസന ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ തുടങ്ങും.(Kerala Budget 2025 )
ക്ഷേമപെന്‍ഷനിൽ വര്‍ധനയില്ല. കോടതി ഫീസ്, ഭൂനികുതിഎന്നിവ കൂട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഉയര്‍ത്തി. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സഹായത്തിനായി 242 കോടി രൂപ അനുവദിച്ചു. പട്ടികജാതി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി 294.47 കോടി രൂപ വകയിരുത്തി.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. സ്‌റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചിട്ടുണ്ട്. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം ഉയർത്തി.
കോടതി ഫീസുകള്‍ വർധിപ്പിച്ചു. ഇതിലൂടെ 150 കോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ് നൽകി. ഒരു ഗഡു ക്ഷാമബത്ത ഏപ്രിലില്‍ ശമ്പളത്തിലൂടെ നൽകും. സാമൂഹിക ക്ഷേമപെന്‍ഷന്‍ മൂന്നു മാസത്തെ കുടിശിക നല്‍കും.
നവ കേരള സദസിൻ്റെ പദ്ധതി പൂർത്തീകരിക്കാനായി 500 കോടി രൂപ കൂടി അനുവദിച്ചു. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 150.34 കോടി രൂപ, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള മഴവില്‍ പദ്ധതി 5.5 കോടി രൂപ എന്നിങ്ങനെയാണ്. വൈഫൈ ഹോട്ട്സ്പോട്ടുകള്‍ക്കായി 15 കോടി രൂപ അനുവദിച്ചു.
ഫെലോഷിപ്പുകളില്ലാത്ത റിസര്‍ച്ചര്‍മാര്‍ക്കായി 20 കോടി രൂപ. 10,000 രൂപ വീതം നല്‍കും. ഡൽഹി, മുംബൈ മാതൃകയിൽ ഹൈദരാബാദിൽ കേരള ഹൗസ് നിർമ്മിക്കും. ഖാദി ഗ്രാമവ്യവസായ മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 15.7 കോടി രൂപ അനുവദിച്ചു. കയര്‍ മേഖലയ്ക്കായി 107.64 കോടി രൂപ അനുവദിച്ചു. പമ്പ-സന്നിധാനം നടപ്പാത വികസനത്തിന് 47.97 കോടി രൂപ വകയിരുത്തി. വിവരസാങ്കേതിക രംഗത്തെ വിവിധ പദ്ധതികള്‍ക്കായി 517.64 കോടി രൂപ വകയിരുത്തി.
സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി വകയിരുത്തി. എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക തീർത്തുവെന്ന് അദ്ദേഹംഅറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായും അദ്ദേഹം വ്യക്തമാക്കി. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടിയും, കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടിയും, ബി എസ് 6 ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി രൂപയും അനുവദിച്ചു. കൊല്ലത്ത് ഫുഡ് പാര്‍ക്കിന് അഞ്ച് കോടി രൂപയും നൽകി.
പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ നൽകുമെന്നും, ശമ്പള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം നൽകുമെന്നും പറഞ്ഞ ധനമന്ത്രി, ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അറിയിച്ചു. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പദ്ധതി നടപ്പിലാക്കുമെന്നും, ഭൂമി വാങ്ങാന്‍ 1000 കോടി രൂപ നൽകുമെന്നും, കിഫ്ബി വഴി നടപ്പാക്കുമെന്നും കൂട്ടിച്ചേർത്തു.
കിന്‍ഫ്ര എക്‌സിബിഷന്‍ സെൻ്ററിനായി 20 കോടി രൂപ, ശുചിത്വ കേരളം പദ്ധതികള്‍ക്കായി 30 കോടി രൂപ, ലൈഫ് സയന്‍സ് പാര്‍ക്കിന് 16 കോടി രൂപ, വയനാട് ജില്ലയുടെ സുസ്ഥിര വികസനത്തിനായി 85 കോടി രൂപ, ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി രൂപ, കശുവണ്ടി മേഖലയ്ക്ക് 53.36 കോടി രൂപ, കാഷ്യു ബോർഡിന് 40.81 കോടി റിവോൾവിങ് ഫണ്ട്, കൈത്തറി ഗ്രാമത്തിന് 4 കോടി രൂപ, കയർ വ്യവസായത്തിന് 107.6 കോടി രൂപ, ഖാദി വ്യവസായത്തിന് 14.8 കോടി രൂപ, കെഎസ്ഐഡിസി 127.5 കോടി രൂപ, കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി – 200 കോടി രൂപ, ഐടി മേഖലയ്ക്ക് 507 കോടി രൂപ എന്നിങ്ങനെയാണ് മറ്റുള്ളവ.
ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോൺക്ലേവ് നടത്തുമെന്നു പറഞ്ഞ മന്ത്രി, 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാൻ 15 കോടി വകയിരുത്തിയെന്നും, 25 സ്വകാര്യ വ്യവസായ പാർക്കുകൾ അനുമതി നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, രജിസ്റ്റർ ചെയ്ത സ്റ്റാർട്ട് അപ്പുകൾ 5000 കടന്നുവെന്നും അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് നടത്തുന്ന വ്യവസായ പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സർക്കാർ സഹായമായി ഈ വർഷം 100 കോടി അനുവദിച്ചു. കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
തീരദേശ വികസനത്തിന് 75 കോടി, ഉള്‍നാടന്‍ മത്സ്യവികസന പദ്ധതിക്ക് 80.91 കോടി, മണ്ണ് സംരക്ഷണത്തിന് 77.9 കോടി രൂപ, മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് 10 കോടി എന്നിവ അനുവദിച്ചു.
സർക്കാർ കൂടുതല്‍ ചെറുകിട ജലപദ്ധതികള്‍ ആരംഭിക്കുമെന്നും, കുടുംബശ്രീക്ക് 270 കോടി രൂപ അനുവദിച്ചുവെന്നും, മത്സ്യമേഖലയ്ക്ക് 295 കോടി രൂപ വകയിരുത്തിയെന്നും, കേര പദ്ധതിക്കായി 100 കോടി രൂപയെന്നും, പറഞ്ഞ അദ്ദേഹം, ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജിനായി 130 കോടി രൂപ നൽകിയെന്നും അറിയിച്ചു.
വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ സര്‍ക്കാര്‍ വിഹിതമായി 33.14 കോടി രൂപ വകയിരുത്തിയെന്നും, വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചുവെന്നും, ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചുവെന്നും, കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചുവെന്നും, പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി നീക്കിവച്ചുവെന്നും ധനമന്ത്രി അറിയിച്ചു.
നാട്ടുവൈദ്യ പരമ്പരാഗത കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും, നാളികേര വികസനത്തിനായി 73 കോടി രൂപ അനുവദിച്ചുവെന്നും, സമഗ്ര പച്ചക്കറി വികസന പദ്ധതിക്കായി 78.45 കോടി രൂപ വകയിരുത്തിയെന്നും, തെരുവുനായ ആക്രമണം തടയാന്‍ 2 കോടിയെന്നും, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ രണ്ടുകോടി രൂപയെന്നും അദ്ദേഹം വിശദീകരിച്ചു.
കാര്‍ഷിക മേഖലയ്ക്കായി 227.40 കോടി രൂപ വകയിരുത്തിയെന്നും, സീ പ്ലെയിന്‍ ടൂറിസം, ഹെലി പാഡുകള്‍, ചെറുവിമാനത്താവളം എന്നിവയ്ക്കായി 20 കോടി രൂപ നൽകുമെന്നും, നെല്ല് വികസനത്തിന് 150 കോടി രൂപ വകയിരുത്തിയെന്നും പറഞ്ഞ ധനമന്ത്രി, വൈക്കം സത്യാഗ്രഹ സ്മാരകത്തിനായി 5 കോടി രൂപ നൽകിയെന്നും, തുഞ്ചന്‍ പറമ്പിന് സമീപം എംടി സ്മാരകത്തിന് 5 കോടി നൽകുമെന്നും അറിയിച്ചു.
മൂന്ന് മുതല്‍ അഞ്ച് ലക്ഷം പുതിയ ജോലികൾ ഉറപ്പാക്കുന്ന മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കുമെന്നും, വന്യജീവി ആക്രമണം തടയാന്‍ 50 കോടിയുടെ പദ്ധതി കൊണ്ടുവരുമെന്നും പറഞ്ഞ അദ്ദേഹം, മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ 5 കോടി അനുവദിക്കുമെന്നും, സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അവതരിപ്പിക്കുമെന്നും അറിയിച്ചു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി എന്നിവ നൽകും. വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെൻറ് തുറമുഖമാക്കുമെന്നും, വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് സര്‍വകലാശാലകലില്‍ മികവിൻ്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകിയെന്നും, ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ്റെ ശുപാര്‍ശയില്‍ 7 മികവിൻ്റെ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുമെന്നും, കുസാറ്റിന് 69 കോടി രൂപയും, എംജി സര്‍വകലാശാലയ്ക്ക് 62 കോടി, കേരള സര്‍വകലാശാലയ്ക്ക് ഭരണാനുമതി എന്നിവ ലഭിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.
സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. ഇത് ഇടത്തരം വരുമാനമുള്ളവർക്കായാണ്.നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം ലഭിക്കും. തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പാർപ്പിട സമുച്ചയങ്ങൾക്ക് പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്കായി 25 കോടി വകയിരുത്തി. ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്ക് സഹായം നൽകും. കൊച്ചി മുസരീസ് ബിനാലെയ്ക്ക് 7 കോടി രൂപയും, എഐ സ്റ്റാര്‍ട്ടപ്പ് മിഷന് ഒരു കോടി രൂപയും അനുവദിച്ചു.
2025-26 ലൈഫ് പദ്ധതിക്ക് വേണ്ടി 1160 കോടി രൂപ വകയിരുത്തിയെന്ന് അറിയിച്ച് ധനമന്ത്രി. കുറഞ്ഞത് ഒരു ലക്ഷം വീടുകളാണ് ഈ കാലയളവിൽ പൂർത്തിയാക്കുന്നത്. പട്ടികജാതിയിലെ 111996 പേര്‍ക്കും, പട്ടിക വർഗ്ഗത്തിലെ 43332 പേര്‍ക്കും വീട് നൽകിയെന്നും മന്ത്രി പറഞ്ഞു.
ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആവിഷ്‌ക്കരിക്കുമെന്നും, ഹൈഡ്രജന്‍ ഉൽപ്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി തുടങ്ങുമെന്നും, തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിൻ്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാൻ സാധിക്കുമെന്നും പറഞ്ഞ മന്ത്രി, വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കുമെന്നും വ്യക്തമാക്കി. ഐടി പാർക്കുകൾ തുടങ്ങുന്നത് കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് എന്നും, സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌ക്കരിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.
ഹെല്‍ത്ത് ടൂറിസം പദ്ധതിക്ക് 50 കോടിയെന്നും, 150ഓളം പാലങ്ങളുടെ നിര്‍മ്മാണം ഉടനെന്ന് പറഞ്ഞ ധനമന്ത്രി, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി നടപടിയെടുക്കുമെന്നും അറിയിച്ചു.
കേന്ദ്രം നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും വെട്ടിക്കുറച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ അദ്ദേഹം, ശമ്പള കുടിശ്ശികയുടെ 2 ഗഡു ഈ വര്‍ഷം നല്‍കുമെന്നും അറിയിച്ചു. ഡി എ കുടിശ്ശികയുടെ ലോക്കിങ് ഇന്‍ പീരിഡ് ഒഴിവാക്കുമെന്നും, സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീർക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെട്രോക്കുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കുമെന്നും, 2024ലെ കണക്ക് അനുസരിച്ച് പ്രവാസികൾ അയയ്ക്കുന്ന പണത്തിൻ്റെ കണക്കിൽ കേരളം ഒന്നാമതാണെന്നും പറഞ്ഞ മന്ത്രി, 21 ശതമാനമാണ് കേരളത്തിലേക്ക് പ്രവാസികൾ സംഭാവന ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു.
വയനാട് പുനരധിവാസത്തിന് 2221 കോടി രൂപ വേണമെന്ന് അദ്ദേഹം പറഞ്ഞു. വയനാടിന് ആദ്യ ഘട്ടത്തിൽ 750 കോടി നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലോക കേരളാ കേന്ദ്രം സ്ഥാപിക്കുമെന്നും, ഇത് 5 കോടി രൂപയുടെ പദ്ധതിയാണെന്നും പറഞ്ഞ ധനമന്ത്രി, തെക്കന്‍ കേരളത്തിന് പുതിയ കപ്പല്‍ നിര്‍മ്മാണശാലയെന്നും, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാന്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
റോഡുകൾക്കും പാലങ്ങൾക്കും 3061 കോടിയെന്നും, കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കുമെന്നും പറഞ്ഞ അദ്ദേഹം, 3061 കോടി സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചിട്ടുണ്ടെന്നും, ധനനികുതി വര്‍ധനവ് സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മെച്ചപ്പെത്തിയെന്നും വ്യക്തമാക്കി.
നാടുമായുള്ള പ്രവാസികളുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും, ഇതിനായി 5 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.