
മനാമ: "കോർപ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന കേന്ദ്ര ഗവൺമെന്റ്, സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്" എന്ന് ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു(Budget 2025).
ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും ബജറ്റ് പാടെ മറന്നെന്നും രൂപയുടെ മൂല്യശോഷണം, തൊഴിലില്ലായ്മ, വിലവർധനവ്, തുടങ്ങിയ പ്രശ്നങ്ങളോട് ബജറ്റ് കണ്ണടച്ചുവെന്നും എൽ.ഐ.സി, ജി.ഐ.സി മേഖലകളിലൂടെ 100% വിദേശ നിക്ഷേപത്തിനുള്ള നീക്കം ദേശീയ താൽപര്യങ്ങളെ ഒറ്റിക്കൊടുക്കലാണെന്നും രാഷ്ട്രീയ ദുഷ്ടലാക്കോടെ തയ്യാറാക്കിയ ബജറ്റ് കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളതെന്നും പ്രസ്താവനയിൽ പറയുന്നു. ഒപ്പം വയനാടിനും വിഴിഞ്ഞത്തിനും ലഭിക്കേണ്ട പരിഗണന നൽകാത്ത ബജറ്റ് ബീഹാറിന് വാരിക്കോരി കൊടുത്തതിന്റെ രാഷ്ട്രീയ ലക്ഷ്യം ഇന്ത്യൻ ജനതയ്ക്ക് ബോധ്യമാണെന്നും പ്രസ്താവന ചൂണ്ടി കാട്ടുന്നു.