ബിഹാറിൽ തേജസ്വിയോ ? : ജനവിധി നാളെ അറിയാം | Tejashwi

പോളിംഗ് ശതമാനം വർധിച്ചത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് മഹാസഖ്യം വാദിക്കുന്നത്
ബിഹാറിൽ തേജസ്വിയോ ? : ജനവിധി നാളെ അറിയാം | Tejashwi
Published on

പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി നാളെയറിയാം. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പത്ത് മണിയോടെ തന്നെ തിരഞ്ഞെടുപ്പ് ട്രെൻഡുകൾ വ്യക്തമായിത്തുടങ്ങും.(Will Tejashwi win in Bihar? the picture will be clear tomorrow)

പുറത്തുവന്ന മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും സംസ്ഥാനത്ത് എൻ.ഡി.എ. മഹാഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്. ഒരു സർവേ ഫലവും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആർ.ജെ.ഡി. ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ചില സർവേകൾ പ്രവചിക്കുന്നുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം ലഭിക്കുമെന്ന പ്രവചനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, വിവിധ സർവേകൾ അനുസരിച്ച് 34 മുതൽ 37 ശതമാനം വരെ ആളുകൾ തേജസ്വി യാദവ് മുഖ്യമന്ത്രിയാകാൻ താൽപര്യപ്പെടുന്നുണ്ട്.

പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കില്ലെന്നും സർവേകൾ സൂചിപ്പിക്കുന്നു. എക്‌സിറ്റ് പോളുകൾക്കപ്പുറമുള്ള ബിഹാർ ജനതയുടെ യഥാർത്ഥ വിധി ഒരു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വെളിപ്പെടും.

ഏറ്റവും ഒടുവിൽ പുറത്തുവന്ന ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലം എൻ.ഡി.എക്ക് മുൻതൂക്കം പ്രവചിക്കുമ്പോഴും കടുത്ത മത്സരമാണ് നടക്കുന്നതെന്നും സൂചന നൽകുന്നു. വിവിധ വിഭാഗങ്ങളിലായി നടത്തിയ സർവേ പ്രകാരം, എൻ.ഡി.എക്ക് 43% വോട്ടർമാരുടെ പിന്തുണയും മഹാസഖ്യത്തിന് 41% പിന്തുണയുമാണ് പ്രവചിക്കുന്നത്.

പുരുഷ വോട്ടർമാർക്കിടയിൽ മഹാസഖ്യത്തിന് കൂടുതൽ പിന്തുണ പ്രവചിക്കുമ്പോൾ, സ്ത്രീകൾക്കിടയിൽ എൻ.ഡി.എ മുന്നിട്ട് നിൽക്കുന്നു. ജാതി തിരിച്ചുള്ള കണക്കിൽ എൻ.ഡി.എയാണ് മുന്നിൽ. തൊഴിൽരഹിതർ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ പിന്തുണ മഹാസഖ്യത്തിനൊപ്പമാണ്. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകൾ, സ്വകാര്യ ജീവനക്കാർ തുടങ്ങിയവർ എൻ.ഡി.എയെ പിന്തുണയ്ക്കുന്നു.

ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും എൻ.ഡി.എക്ക് മുന്നേറ്റമാണ് കാണുന്നത്. പ്രശാന്ത് കിഷോറിൻ്റെ ജൻസുരാജ് പാർട്ടിക്ക് 4 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളെയും തേജസ്വി യാദവ് തള്ളിയിരുന്നു.

പോളിംഗ് ശതമാനം വർധിച്ചത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് മഹാസഖ്യം വാദിക്കുന്നത്. അതേസമയം, എൻ.ഡി.എ. സർക്കാരിന് ജനങ്ങൾ വൻ ഭൂരിപക്ഷം നൽകുമെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. എക്‌സിറ്റ് പോളുകൾക്കുമപ്പുറമുള്ള വലിയ മാറ്റമാണ് ബിഹാർ കാണാൻ പോകുന്നതെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com