

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) രംഗത്തെത്തി. സാമൂഹിക മാധ്യമമായ എക്‌സിലെ കുറിപ്പിലൂടെയായിരുന്നു പാർട്ടിയുടെ പ്രതികരണം.(Will continue to raise voice for the poor, RJD's first response)
"പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്. അതിൽ ഉയർച്ച താഴ്ചകൾ ഒഴിവാക്കാനാവില്ല. പരാജയത്തിൽ ദുഃഖമില്ല, വിജയത്തിൽ അഹങ്കാരവുമില്ല. ആർജെഡി പാവപ്പെട്ടവരുടെ പാർട്ടിയാണ്. അവർക്കുവേണ്ടി ശബ്ദമുയർത്തുന്നത് തുടരും," ആർജെഡി കുറിപ്പിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച പുറത്തുവന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ആർജെഡിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷസഖ്യമായ മഹാഗഢ്ബന്ധൻ ആണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
കേവലം 25 സീറ്റിലേക്ക് കൂപ്പുകുത്തി. 2010-ന് ശേഷമുള്ള ആർജെഡിയുടെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. മഹാഗഢ്ബന്ധനെ തകർത്തു തരിപ്പണമാക്കിക്കൊണ്ടാണ് എൻഡിഎ സഖ്യം വിജയം നേടിയത്.