രാഹുലിൻ്റെ 'എച്ച്' ബോംബ് പണിയാകുമോ ? : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം ഇന്ന്; തേജസ്വി യാദവും 18 NDA മന്ത്രിമാരുമടക്കം 121 നിർണായക മണ്ഡലങ്ങളിൽ ജനവിധി തേടുന്നു | Bihar assembly elections

കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
രാഹുലിൻ്റെ 'എച്ച്' ബോംബ് പണിയാകുമോ ? : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം ഇന്ന്; തേജസ്വി യാദവും 18 NDA മന്ത്രിമാരുമടക്കം 121 നിർണായക മണ്ഡലങ്ങളിൽ ജനവിധി തേടുന്നു | Bihar assembly elections
Published on

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 18 ജില്ലകളിലെ 121 നിർണ്ണായക സീറ്റുകളിലേക്കാണ് ജനവിധി തേടുന്നത്. ഇത്തവണത്തെ അധികാര വഴിയിൽ ആർജെഡിക്കും ഇന്ത്യ സഖ്യത്തിനും ഈ ഘട്ടം ഏറെ നിർണ്ണായകമാണ്.(The first phase of Bihar assembly elections is today)

ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, എൻഡിഎയിലെ ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സമ്രാട്ട് ചൗധരി തുടങ്ങിയ പ്രമുഖരുടെ മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിലെ പ്രധാന ആകർഷണം. കൂടാതെ, എൻഡിഎ സഖ്യത്തിലെ 18 മന്ത്രിമാർ ഇന്ന് ജനവിധി തേടുന്നു എന്നത് ഈ ഘട്ടത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. തലസ്ഥാനമായ പട്നയിലും ഇന്നാണ് പോളിംഗ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ 121 സീറ്റുകളിൽ 60 എണ്ണം വിജയിക്കാൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞിരുന്നു. എൻഡിഎ സഖ്യം 59 സീറ്റുകൾ നേടി. ശേഷിച്ച രണ്ട് സീറ്റുകൾ മറ്റുള്ളവർക്കായിരുന്നു. 20 വർഷത്തിന് ശേഷം ബിഹാറിൽ അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന ആർജെഡിയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ തവണത്തെ ഈ മുൻതൂക്കം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എൻഡിഎയും കനത്ത പോരാട്ടം കാഴ്ചവെച്ച് ഈ സീറ്റുകൾ പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ട്.

വോട്ടിംഗിന് തൊട്ടുമുമ്പായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച 'എച്ച്' ബോംബ് ബിഹാർ ജനതയുടെ മനസ്സിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.

ഹരിയാനയിൽ ബിജെപി അധികാരത്തിലെത്തിയത് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടത്തിയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. 25 ലക്ഷത്തിലധികം കള്ളവോട്ട് നടന്നുവെന്നതിന് തെളിവുകൾ നിരത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനമാണ് അദ്ദേഹം നടത്തിയത്.

ഹരിയാനയിൽ പോൾ ചെയ്തതിന്റെ എട്ടിലൊന്നും കള്ളവോട്ടാണെന്ന് രാഹുൽ വാദിക്കുന്നു. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 'സീമ', 'സ്വീറ്റി', 'സരസ്വതി' എന്നീ പേരുകളിൽ 10 ബൂത്തുകളിലായി 22 വോട്ടുകൾ രേഖപ്പെടുത്തിയതിന് തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു. ഈ തെളിവുകൾ പുറത്തുവരാതിരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങൾ നൽകാത്തതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ പിന്തുണ നിതീഷ് കുമാറിന് അനുകൂലമാണെന്ന റിപ്പോർട്ടുകൾക്കിടെ, കൂടുതൽ വാഗ്ദാനങ്ങളുമായി തേജസ്വി യാദവ് രംഗത്തെത്തിയത് ഇന്ത്യ സഖ്യത്തിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം.

അതേസമയം, വോട്ടെടുപ്പ് നടക്കുന്ന ദിവസവും സർക്കാർ പതിനായിരം രൂപ അക്കൗണ്ടുകളിലേക്ക് നൽകുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ആർജെഡി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

ബിഹാർ രാഷ്ട്രീയത്തിൽ ഇത്തവണ ആദ്യമായി മത്സരരംഗത്തുള്ള പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നേടുന്ന വോട്ടുകൾ നിർണായകമായേക്കും. യുവാക്കളുടെ പിന്തുണയിലൂടെ മാറ്റം കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യവും തേജസ്വി യാദവും രാഹുൽ ഗാന്ധിയും.

ജൻ സുരാജ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൊകാമയിലെ ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിംഗ് അറസ്റ്റിലായ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആനന്ദ് സിംഗിന്റെ അറസ്റ്റ് അവസാന ഘട്ട പ്രചാരണത്തിൽ മഹാ സഖ്യം ഒരു ആയുധമാക്കിയിരുന്നു. പട്‌ന ഉൾപ്പെടെയുള്ള എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ബിഹാർ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ ഇറക്കിയാണ് എൻഡിഎ പ്രചാരണം നടത്തിയത്. ഈ തിരഞ്ഞെടുപ്പ് ഫലം കേന്ദ്രഭരണത്തിലും പ്രതിഫലിച്ചേക്കാം എന്നതിനാലാണ് ഇത്രയധികം പ്രാധാന്യം.

Related Stories

No stories found.
Times Kerala
timeskerala.com