പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടി. സഖ്യത്തിന്റെ മുഖമായ ആർ.ജെ.ഡി. (RJD) നേതാവ് തേജസ്വി യാദവ് അദ്ദേഹത്തിന്റെ മണ്ഡലമായ രാഘോപൂരിൽ പിന്നിലാണ്. ഹാട്രിക് വിജയം ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ തേജസ്വിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടുന്നത്.(Tejashwi Yadav is trailing in Raghopur, BJP candidate has lead)
മണ്ഡലത്തിൽ നിലവിൽ മൂവായിരത്തിലേറെ വോട്ടുകൾക്ക് ബി.ജെ.പി. സ്ഥാനാർത്ഥി സതീഷ് കുമാറാണ് മുന്നിൽ നിൽക്കുന്നത്. സംസ്ഥാനമാകെ എൻ.ഡി.എ. വിജയം ഉറപ്പിച്ച് മുന്നേറുമ്പോൾ, തേജസ്വി യാദവ് കൂടെ പിന്നിലായത് പ്രതിപക്ഷ ചേരിയിൽ കനത്ത ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ബിഹാറിൽ എൻ.ഡി.എ. വിജയം ഉറപ്പിച്ചെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പ്രതികരിച്ചു. ബിഹാറിന് ശേഷം അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. "അരാജകത്വത്തിന്റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ഇത് വികസനത്തിന്റെ വിജയമാണ്," ഗിരിരാജ് സിംഗ് പറഞ്ഞു.