പട്‌ന: ബിഹാർ മഹാസഖ്യത്തിൽ സീറ്റ് വിഭജന തർക്കം തുടരുന്നതിനിടെ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ചു. സഖ്യകക്ഷികളെ ഒപ്പം കൂട്ടാതെ ഒറ്റയ്ക്ക് വാർത്താ സമ്മേളനം നടത്തിയ തേജസ്വി, അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കായി വമ്പൻ പദ്ധതികൾ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ഭിന്നത പരിഹരിച്ച് അനുനയ നീക്കത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് തേജസ്വി യാദവിനെ സന്ദർശിച്ചു.(Tejashwi Yadav declares himself as CM candidate in Bihar)
വാർത്താ സമ്മേളനത്തിലുടനീളം ബിഹാറിനെ നയിക്കുമെന്ന് ആവർത്തിച്ച തേജസ്വി യാദവ്, മഹാസഖ്യത്തിന്റെ മുഖം താൻ തന്നെയാണെന്ന് അവകാശപ്പെട്ടു. നിതീഷ് കുമാർ സ്ത്രീകൾക്ക് പ്രതിമാസ സഹായമായി 10,000 രൂപയാണ് പ്രഖ്യാപിച്ചതെങ്കിൽ, സർക്കാരിന്റെ സന്നദ്ധ പ്രവർത്തകരായ സ്ത്രീകൾക്ക് 30,000 രൂപ പ്രതിമാസ സഹായമായി തേജസ്വി പ്രഖ്യാപിച്ചു. കൂടാതെ, ജീവിക ദീദിമാരുടെ ജോലി സ്ഥിരപ്പെടുത്തുമെന്നും 'മാ ബേട്ടി' പദ്ധതിക്കായി പ്രതിമാസം 30,000 രൂപ നീക്കിവെക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഒരു വീട്ടിൽ ഒരു സർക്കാർ ജോലി എന്ന പ്രഖ്യാപനത്തിന്റെ തുടർ നടപടികൾ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ തുടങ്ങുമെന്നും തേജസ്വി യാദവ് അറിയിച്ചു.
തേജസ്വിയുടെ പ്രഖ്യാപനങ്ങളെ ബി.ജെ.പി. തള്ളി. "അഴിമതിയിലൂടെ ബിഹാറിനെ ചൂഷണം ചെയ്ത ലാലുപ്രസാദിന്റെയും റാബറി ദേവിയുടെയും മകനാണ് തേജസ്വി എന്ന കാര്യം മറക്കേണ്ട," എന്നായിരുന്നു ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ പ്രതികരണം.
അതേസമയം, "രാഹുൽ രാജ്യത്തെ എല്ലാ അമ്മമാർക്കും അപമാനമുണ്ടാക്കി. താൻ മാപ്പ് നൽകും, ബിഹാറിലെ അമ്മമാർ മാപ്പ് നൽകില്ല," എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഹുലിൻ്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് മറ്റന്നാൾ എൻ.ഡി.എ. ബിഹാർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അനുനയ നീക്കങ്ങൾ തുടരുന്നു
നാമനിർദ്ദേശ പത്രികയുടെ സമയം കഴിഞ്ഞെന്ന പ്രതികരണത്തിലൂടെ 13 മണ്ഡലങ്ങളിലെ മഹാസഖ്യ പോരിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന കൂടിയാണ് തേജസ്വി നൽകുന്നത്. സീറ്റുകളുടെ കാര്യത്തിലും, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലും കടുപിടുത്തം തുടരുന്ന തേജസ്വിയെ അനുനയിപ്പിക്കാൻ അശോക് ഗെലോട്ടും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവും അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. നാളെ സംയുക്ത വാർത്താ സമ്മേളനം നടത്താനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്.