പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടി 25 വയസ്സുകാരിയായ മൈഥിലി താക്കൂർ. അലിനഗർ മണ്ഡലത്തിൽ നിന്ന് വിജയിച്ച മൈഥിലി, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി ചരിത്രം കുറിച്ചു.(Bihar's young star, 25-year-old Maithili Thakur becomes MLA)
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ ഗായികയാണ് മൈഥിലി. രാഷ്ട്രീയത്തിൽ പുതിയ മുഖമായ മൈഥിലി താക്കൂർ, പ്രമുഖ ആർജെഡി നേതാവും 63 വയസ്സുകാരനുമായ ബിനോദ് മിശ്രയെ 11,000-ൽ പരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഒരു ഘട്ടത്തിലും പിന്നോട്ട് പോകാതെ മൈഥിലി തന്റെ മുന്നേറ്റം നിലനിർത്തി. 2008-ന് ശേഷം ആദ്യമായാണ് ബിജെപി ഈ മണ്ഡലത്തിൽ വിജയം നേടുന്നത് എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.
മധുബനിയിലെ ബെനിപ്പട്ടിയാണ് മൈഥിലിയുടെ സ്വദേശം. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും ഭക്തിഗാനാലാപനത്തിലും പരിശീലനം നേടിയ മൈഥിലി, സഹോദരങ്ങൾക്കൊപ്പം നടത്തിയ കച്ചേരികളിലൂടെയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംഗീത വീഡിയോകളിലൂടെയുമാണ് രാജ്യമെമ്പാടും പ്രശസ്തയായത്. ഇവരുടെ ഭജനുകൾക്ക് ഹിന്ദി ബെൽറ്റിലെ വിവിധ സംസ്ഥാനങ്ങളിൽ വലിയ ആരാധകവൃന്ദമുണ്ട്. കുട്ടിക്കാലം മുതൽ തന്നെ അച്ഛന്റെ ശിക്ഷണത്തിലായിരുന്നു മൈഥിലിയുടെ സംഗീത പരിശീലനം. നിരവധി പ്രമുഖരടക്കം ഇവരുടെ ഫോളോവേഴ്‌സാണ്. കൊവിഡ് കാലത്താണ് മൈഥിലിയുടെ അച്ഛൻ മരണപ്പെട്ടത്.
ബിഹാറിലെ യുവജനതയ്ക്കിടയിലും ഭക്തിഗാന രംഗത്തുമുള്ള മൈഥിലിയുടെ ജനപ്രീതി തിരിച്ചറിഞ്ഞ ബിജെപി, ഈ ജനപിന്തുണ വോട്ടാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ബ്രാഹ്മണർ, യാദവർ, മുസ്ലീങ്ങൾ എന്നിവർക്ക് ആധിപത്യമുള്ള അലിനഗർ മണ്ഡലത്തിൽ മൈഥിലിയുടെ വിജയം നിർണായകമാണ്.
അലിനഗർ മണ്ഡലത്തിന്റെ പേര് മാറ്റി 'സീതാനഗർ' എന്നാക്കുമെന്നത് മൈഥിലി താക്കൂറിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ആയിരുന്നു. ഈ വാഗ്ദാനം പുതിയ യുവ എംഎൽഎ എത്രത്തോളം നടപ്പാക്കുമെന്ന് ഉറ്റുനോക്കുകയാണ് അലിനഗർ ജനത.