

പട്‌ന: നിതീഷ് മോദി സഖ്യത്തിന് (നി മോ) വ്യക്തമായ വിജയം ലഭിച്ച ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലെത്തി. ഡൽഹിയിൽ ബി.ജെ.പി. നേതാവ് അമിത് ഷായുമായി ജെ.ഡി.യു. നേതാക്കളായ സഞ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലൻ സിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രിസഭാ പ്രാതിനിധ്യത്തിൽ ഏകദേശ ധാരണയായി.(Bihar's CM's chair secure in Nitish Kumar's hands, Cabinet formation talks in final stages)
ബി.ജെ.പിക്കാണ് ഉപമുഖ്യമന്ത്രി പദം ഉൾപ്പെടെ 16 മന്ത്രിമാർ ഉള്ളത്. ജെ.ഡി.യു.: 14 മന്ത്രിമാർ, എൽ.ജെ.പി. (ചിരാഗ് പാസ്വാൻ): 3 മന്ത്രിമാർ, ജിതിൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്‌വയുടെ പാർട്ടികൾ: ഓരോ മന്ത്രിസ്ഥാനം വീതം എന്നിങ്ങനെയാണ് കണക്ക്.
നാളെ പട്‌നയിൽ ചേരുന്ന എൻ.ഡി.എ. എം.എൽ.എ.മാരുടെ യോഗം കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷ്, തുടർച്ചയായി അഞ്ച് തവണ ഈ പദവിയിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നിലവിൽ അധികാരം പങ്കിടൽ ധാരണകളൊന്നും ബി.ജെ.പി.-ജെ.ഡി.യു. ചർച്ചകളിൽ ഉണ്ടായിട്ടില്ല.
അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ പട്‌നയിലെ ഗാന്ധി മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നേക്കുമെന്നാണ് വിവരം. ആർ.ജെ.ഡി.ക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. ആകെ സീറ്റായ 243-ൻ്റെ 10% സീറ്റ് (25 സീറ്റ്) നേടിയതിലൂടെ പ്രതിപക്ഷ നേതാവില്ലാതാകുമായിരുന്ന അവസ്ഥയിൽ നിന്ന് ബിഹാർ രക്ഷപ്പെട്ടു.
ബിഹാറിൽ എസ്.ഐ.ആറിന് പിന്നാലെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 3 ലക്ഷം അധിക വോട്ടർമാർ ഉണ്ടായതിനെ ചൊല്ലിയുള്ള പ്രതിപക്ഷ വിമർശനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകി. പത്രിക സമർപ്പണത്തിന് 10 ദിവസം മുൻപ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകിയിരുന്നു.