

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ മൂന്ന് ലക്ഷത്തിലധികം വോട്ടർമാർ അധികമായി വന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്ക് ശേഷവും പുതിയ വോട്ടർമാരുടെ അപേക്ഷകൾ സ്വീകരിച്ചതാണ് വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണമെന്ന് കമ്മീഷൻ വിശദീകരിച്ചു.(Bihar voter list controversy, Election Commission responds)
ഒക്ടോബർ 10 വരെ പുതിയ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച അപേക്ഷകളിലൂടെയാണ് മൂന്ന് ലക്ഷത്തിലധികം പേരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് പത്തു ദിവസം മുമ്പുവരെ യോഗ്യരായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
അന്തിമ പട്ടിക (സെപ്റ്റംബർ 30): ബിഹാറിൽ 7.42 കോടി വോട്ടർമാർ.
തിരഞ്ഞെടുപ്പിന് ശേഷം (നവംബർ 12): മൊത്തം വോട്ടർമാരുടെ എണ്ണം 7.45 കോടി.
ഈ മൂന്ന് ലക്ഷത്തിലധികം വോട്ടർമാരുടെ വർധനവിൽ അവ്യക്തതയുണ്ടെന്നും വിശദീകരണം നൽകണമെന്നും സിപിഎമ്മും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു.
എസ്‌എസ്‌ആർ പൂർത്തിയാക്കിയ ശേഷം പുറത്തുവിട്ട പത്രക്കുറിപ്പിൽ ഈ അധിക വോട്ടർമാരെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിരുന്നതിൻ്റെ തെളിവുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു.
വോട്ടെടുപ്പിന് ശേഷം നവംബർ 12-ന് നൽകിയ വാർത്താക്കുറിപ്പിൽ 7.45 കോടി വോട്ടർമാരാണുള്ളതെന്നാണ് പറഞ്ഞതെന്നും, എന്നാൽ അത്രയും പേർ വോട്ട് ചെയ്തുവെന്ന് പറഞ്ഞിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർമാരുടെ എണ്ണത്തെ, വോട്ട് ചെയ്തതിൻ്റെ കണക്കായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു