പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കളയണമെന്ന് ആർ.ജെ.ഡി. പ്രവർത്തകരോട് ആവശ്യപ്പെട്ടു. പുറത്തുവന്ന സർവേ ഫലങ്ങൾ ബി.ജെ.പി. സ്പോൺസേർഡ് ആണെന്നാണ് ആർ.ജെ.ഡി. നേതൃത്വം ആരോപിക്കുന്നത്.(Bihar results to be known tomorrow, RJD hopes for win )
മഹാസഖ്യം 160-ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് ആർ.ജെ.ഡി.യുടെ കണക്കുകൂട്ടൽ. ബിഹാർ തിരഞ്ഞെടുപ്പിലെ യഥാർത്ഥ ജനവിധി നാളെ അറിയാം. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും; പത്ത് മണിയോടെ ട്രെൻഡുകൾ വ്യക്തമാകും.
പുറത്തുവന്ന മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം സംസ്ഥാനത്ത് എൻ.ഡി.എ. മഹാഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്. ഒരു സർവേ ഫലവും മഹാസഖ്യത്തിന് കേവല ഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ആർ.ജെ.ഡി. ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് പ്രവചിക്കുന്ന സർവേ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം ലഭിക്കുമെന്ന് ആരും പ്രവചിച്ചിട്ടില്ല. വിവിധ സർവേകൾ പ്രകാരം, 34 മുതൽ 37 ശതമാനം വരെ ആളുകൾ തേജസ്വി യാദവ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്. പ്രശാന്ത് കിഷോറിൻ്റെ ജൻസുരാജ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കില്ലെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.