പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വാശിയോടെ പുരോഗമിക്കുന്നു. 3 മണി വരെ 53.77% ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2020-ലെ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ എത്തുന്നത് വാശിയേറിയ പ്രചാരണത്തിന്റെ പ്രതിഫലനമാണ്. ബെഗുസരായ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.(Bihar records high turnout in first phase, 43% till 1 pm)
പോളിംഗ് ദിനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർജെഡി നേതാവ് തേജസ്വി യാദവും പരസ്പരം ശക്തമായ വാദപ്രതിവാദങ്ങൾ തുടർന്നു. അരാരിയയിൽ റാലിക്കെത്തിയ പ്രധാനമന്ത്രി ലാലു പ്രസാദ് യാദവിന്റെ 'ജംഗിൾ രാജ്' ബിഹാറിന്റെ വികസനത്തെ പിന്നോട്ടടിച്ചെന്ന് കുറ്റപ്പെടുത്തി. ആർജെഡിയുടെ കാട്ടുഭരണത്തിൽ നിന്ന് ബിഹാറിനെ രക്ഷിച്ചു, ജനം ജംഗിൾ രാജിനെതിരെ വിധിയെഴുതുമെന്നും മോദി പറഞ്ഞു.
ബിഹാറിൽ വലിയ മാറ്റം കാണുന്നുവെന്ന് അവകാശപ്പെട്ട തേജസ്വി, തങ്ങൾ ജയിക്കുമെന്നും അതിലൂടെ ബിഹാറിലെ ജനങ്ങളും വിജയിക്കുമെന്നും പറഞ്ഞു. എല്ലാവർക്കും ഒപ്പം നമ്പർ വൺ ബിഹാർ സൃഷ്ടിക്കാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
20 വർഷമായി അധികാരത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും ബിഹാറിലെ യുവാക്കൾക്ക് എതിരായാണ് പ്രവർത്തിച്ചതെന്നും മിസ ഭാരതി എംപി കുറ്റപ്പെടുത്തി. ജൻസുരാജ് പാർട്ടിയുടെ മുംഗേറിലെ സ്ഥാനാർത്ഥി സഞ്ജയ് സിംഗിനെ ബിജെപിയിൽ ചേർത്തതിനെ പാർട്ടി നേതാവ് പ്രശാന്ത് കിഷോർ രൂക്ഷമായി വിമർശിച്ചു.
വോട്ടെടുപ്പ് നടക്കുന്നതിനിടെ ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ ലക്കിസറായിൽ അതിക്രമമുണ്ടായി. അദ്ദേഹത്തിന്റെ കാറിന് നേർക്ക് കല്ലേറുണ്ടായി.
രാഘോപൂരിൽ മത്സരിക്കുന്ന ഇന്ത്യ സഖ്യം സ്ഥാനാർഥി തേജസ്വി യാദവ് പട്‌നയിലെ വെറ്ററിനറി കോളേജിലെത്തിയാണ് വോട്ട് ചെയ്തത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, എംപിയും സഹോദരിയുമായ മിസ ഭാരതി, തേജസ്വിയുടെ ഭാര്യ രാജശ്രീ യാദവ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
തേജസ്വിയുമായി തെറ്റി ജൻശക്തി ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ച് മഹുവ മണ്ഡലത്തിൽ മത്സരിക്കുന്ന മൂത്ത മകൻ തേജ് പ്രതാപ് യാദവ് പ്രത്യേകം എത്തിയാണ് വോട്ട് ചെയ്തത്. വോട്ട് ചെയ്ത ശേഷം റാബ്രി ദേവി തന്റെ രണ്ട് മക്കൾക്കും ആശംസകൾ നേർന്നു.
പൊതുവെ സമാധാനപരമായാണ് പോളിംഗ് പുരോഗമിക്കുന്നതെങ്കിലും, പല മണ്ഡലങ്ങളിലും പോളിംഗ് ബൂത്തുകളിലെത്തിയ വോട്ടർമാരുടെ പേരുകൾ ലിസ്റ്റിൽ ഇല്ലാത്തത് തർക്കങ്ങൾക്ക് ഇടയാക്കി. മുൻകൂട്ടി അറിയിപ്പില്ലാതെ പോളിംഗ് ബൂത്തുകൾ മാറിയതും ആശയക്കുഴപ്പത്തിന് വഴിവെച്ചു.
മത്സരരംഗത്ത് 1374 സ്ഥാനാർത്ഥികളാണ് ഉള്ളത്. ബിഹാറിലെ വോട്ടെടുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 45,000 ബൂത്തുകളിൽ 56 എണ്ണം പ്രശ്നസാധ്യതയുള്ളവയായി പ്രഖ്യാപിച്ചിരുന്നു. മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്ന ചില ബൂത്തുകളിൽ ഇതാദ്യമായി വോട്ടെടുപ്പ് നടന്നത് എൻഡിഎ പ്രചാരണത്തിൽ നേട്ടമായി ഉയർത്തിക്കാട്ടുന്നുണ്ട്.