പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് പോളിംഗ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. നവംബർ 14 മുതൽ ബിഹാറിന്റെ രാഷ്ട്രീയം മാറുമെന്നും ഉയർന്ന പോളിംഗ് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.(Bihar politics will change from November 14, there will be big changes, says Prashant Kishor)
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച്, ബിഹാറിൽ ആദ്യ ഘട്ടത്തിൽ 64.69 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിംഗാണിത്.
അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ വലിയ വിജയം നേടുമെന്ന അവകാശവാദങ്ങളുമായി എൻ.ഡി.എ.യും ഇന്ത്യാ സഖ്യവും രംഗത്തെത്തി. റെക്കോർഡ് പോളിംഗ് ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർ.ജെ.ഡി. നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.
ആദ്യഘട്ടത്തിൽ എൻ.ഡി.എ. വൻ ലീഡ് നേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിൽ ഇതിലും ശക്തമായ തരംഗം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെടുപ്പിലെ ഈ വർധന ബിഹാറിൽ ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നൽകുന്നുണ്ടോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. നവംബർ 14-ന് ഫലം വരുമ്പോൾ ബിഹാറിലെ ഭരണസമിതിയിൽ ആര് എത്തുമെന്ന കാര്യത്തിൽ വ്യക്തത വരും.