പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളിൽ വിമത നേതാക്കൾക്കെതിരെ കൂട്ട നടപടി. ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധിച്ചവരെയും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കാൻ ഒരുങ്ങിയവരെയും പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് പുറത്താക്കുകയാണ്.(Bihar elections, Strict action against rebels)
ആർജെഡി 26 നേതാക്കൾക്കെതിരെയാണ് നടപടി എടുത്തത്. ജെഡിയു 16 നേതാക്കളെ പുറത്താക്കി. മുൻ മന്ത്രി ശൈലേഷ് കുമാർ, നിലവിലെ എംഎൽഎ ഗോപാൽ മണ്ഡൽ, മുൻ എംഎൽഎ ശ്യാം ബഹദൂർ സിംഗ് എന്നിവർ പുറത്താക്കപ്പെട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.
ബിജെപി കഹൽഗാം എംഎൽഎ ഉൾപ്പെടെ 6 നേതാക്കൾക്കെതിരെയാണ് നടപടി. നാല് നേതാക്കളെ ആറ് വർഷത്തേക്കാണ് പുറത്താക്കിയിട്ടുള്ളത്. സീറ്റ് വിഭജനത്തിന് പിന്നാലെയുണ്ടായ അസ്വാരസ്യങ്ങളാണ് പാർട്ടികളിലെ കൂട്ട പുറത്താക്കലിന് പ്രധാന കാരണം. നിലവിലെ എംഎൽഎമാർ, മുൻ എംഎൽഎമാർ, ജില്ലാ-സംസ്ഥാന തലങ്ങളിലെ നിർണായക ചുമതല വഹിക്കുന്നവർ എന്നിവരടക്കമാണ് നടപടി നേരിട്ടത്.
പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ സ്വതന്ത്രരായി മത്സരിക്കാൻ ഒരുങ്ങുകയും പ്രചാരണം നടത്തുകയും ചെയ്തതിനാണ് ആർജെഡി വിമതർക്കെതിരെ നടപടിയെടുത്തത്. ജെഡിയുവിൽ സഖ്യത്തിനെതിരായ പ്രവർത്തനമാണ് പുറത്താക്കലിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സഖ്യത്തിനുള്ളിലെ ആഭ്യന്തര എതിർപ്പുകൾ അവസാനിപ്പിച്ച്, തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള നീക്കത്തിലാണ് എൻഡിഎയും 'ഇന്ത്യ' സഖ്യവും.
നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 തീയതികളിലാണ് നടക്കുക. തിരഞ്ഞെടുപ്പ് ഫലം നവംബർ 14-ന് പ്രഖ്യാപിക്കും. ഈ തിരഞ്ഞെടുപ്പിൽ, 2005-ന് ശേഷം ആദ്യമായി ബിജെപിയും ജെഡിയുവും 101 സീറ്റുകൾ വീതം മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.