ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ മഹാസഖ്യത്തിൽ (മഹാഗഡ്ബന്ധൻ) സീറ്റ് വിഭജനത്തിൽ തീരുമാനമായില്ല. സഖ്യകാര്യത്തിൽ ഔദ്യോഗികമായി ധാരണയാകാത്തതിനെ തുടർന്ന് ഓരോ പാർട്ടികളും വെവ്വേറെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ 12 മണ്ഡലങ്ങളിൽ സഖ്യത്തിലെ പാർട്ടികൾ നേരിട്ട് മത്സരിക്കേണ്ട അവസ്ഥയിലായി.(Bihar elections Seat sharing in crisis)
ആറ് സീറ്റുകളിൽ ആർജെഡിയും കോൺഗ്രസും നേരിട്ട് മത്സരിക്കും. സിപിഐയും കോൺഗ്രസും നാല് മണ്ഡലങ്ങളിൽ പരസ്പരം ഏറ്റുമുട്ടും. മുകേഷ് സഹാനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടിയും (വിഐപി) ആർജെഡിയും രണ്ട് സീറ്റുകളിൽ (ചെയിൻപൂർ, ബാബുബർഹി) ഏറ്റുമുട്ടും.
തിങ്കളാഴ്ച ആർജെഡി 143 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയതോടെയാണ് ഈ ചിത്രം വ്യക്തമായത്. ഇതിൽ ആറ് സീറ്റുകളിൽ കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. വൈശാലി, സിക്കന്ദ്ര, കഹൽഗാവ്, സുൽത്താൻഗഞ്ച്, നർക്കതിയാഗഞ്ച്, വാർസലിഗഞ്ച് എന്നീ മണ്ഡലങ്ങളിലാണ് ആർജെഡിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. അതേസമയം, ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ്, കാർഘർ എന്നിവിടങ്ങളിൽ സിപിഐയും കോൺഗ്രസുമാണ് പരസ്പരം സ്ഥാനാർത്ഥികളെ നിർത്തിയത്.
അനിശ്ചിതത്വം തുടരുന്നു
രണ്ടാം ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 23 ഓടെ അനിശ്ചിതത്വം നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ബച്വാര, രാജപാക്കർ, ബീഹാർ ഷെരീഫ് എന്നിവിടങ്ങളിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇതിനകം അവസാനിച്ചതിനാൽ ഇവിടെ സഖ്യകക്ഷികൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ ഉണ്ടാകും.
സീറ്റ് വിഭജനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷ സഖ്യം നീണ്ട യോഗങ്ങളും ചർച്ചകളും നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 20-ന് അവസാനിച്ചിട്ടും, മഹാസഖ്യം സീറ്റ് വിഭജന ക്രമീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മഹുവയിലെ പോരാട്ടം
മഹുവയിൽ ആർജെഡി ലാലു പ്രസാദിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെതിരെ മുകേഷ് റൗഷനെയാണ് മത്സരിക്കുന്നത്. ഈ വർഷം ആദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് പ്രതാപ്, ജനശക്തി ജനതാദൾ എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു.
മഹാസഖ്യത്തിലെ ആഭ്യന്തര സംഘർഷം പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും നിരവധി മണ്ഡലങ്ങളിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നു. വിഷയത്തിൽ രൂക്ഷ വിമർശനവുമായി ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മേധാവി ചിരാഗ് പാസ്വാൻ രംഗത്തെത്തി. എൻഡിഎക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന സീറ്റുകളിൽ മഹാസഖ്യം വാക്ക് ഓവർ നൽകിയെന്ന് അദ്ദേഹം ആരോപിച്ചു. 29 സീറ്റുകളിലാണ് പാസ്വാന്റെ പാർട്ടി മത്സരിക്കുന്നത്. സൗഹൃദ പോരാട്ടം എന്നൊന്നില്ലെന്നും എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.