പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വ്യാഴാഴ്ച രാവിലെ 11 മണി വരെ 27.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് ഉൾപ്പെടെ നിരവധി പ്രമുഖർ ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.(Bihar elections, RJD alleges deliberate power outages in booths)
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് പിതാവ് ലാലു പ്രസാദ് യാദവ് അടക്കമുള്ള കുടുംബാംഗങ്ങൾക്കൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. വോട്ടവകാശം വിനിയോഗിച്ച മറ്റ് പ്രമുഖരിൽ കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാൻ, രവിശങ്കർ പ്രസാദ്, സിപിഐ നേതാവ് കനയ്യ കുമാർ എന്നിവരുമുണ്ട്.
ആകെ 243 മണ്ഡലങ്ങളുള്ള ബിഹാറിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ സർക്കാരിലെ 16 മന്ത്രിമാർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. ആർജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവും ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നുണ്ട്.
മഹാസഖ്യത്തിന് സ്വാധീനമുള്ള ബൂത്തുകളിൽ ഇടയ്ക്കിടെ വൈദ്യുതവിതരണം തടസപ്പെടുത്തുന്നത് മനഃപൂർവമാണെന്ന് ആർജെഡി പരാതി ഉന്നയിച്ചു. പോളിംഗ് വൈകിപ്പിക്കാനാണ് ഇതെന്നും ആർജെഡി ആരോപിച്ചു.എന്നാൽ, ആർജെഡിയുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. ഈ പരാതി അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.