

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. പട്ന ഉൾപ്പെടെ 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. 1314 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്.
ബിഹാർ തിരഞ്ഞെടുപ്പ് വിവരങ്ങൾ
ഒന്നാം ഘട്ടം: നാളെ (121 മണ്ഡലങ്ങൾ).
രണ്ടാം ഘട്ടം: നവംബർ 11 (122 മണ്ഡലങ്ങൾ). പ്രചാരണം നവംബർ 9 വരെ തുടരും.
വോട്ടെണ്ണൽ: നവംബർ 14-ന് നടക്കും.
പ്രമുഖർ: പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് (രാഘോപൂർ), ബി.ജെ.പി. നേതാക്കളും ഉപമുഖ്യമന്ത്രിമാരുമായ സമ്രാട്ട് ചൗധരി (താരാപൂർ), വിജയ് കുമാർ സിൻഹ (ലഖിസരായ്) എന്നിവരുടെ മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.
പ്രചാരണ നേതൃത്വം: എൻ.ഡി.എക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും പ്രചാരണം നയിക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിനുവേണ്ടി രാഹുൽ ഗാന്ധിയും തേജസ്വി യാദവുമാണ് നേതൃത്വം നൽകുന്നത്.
ബിഹാറിലെ കുടിയേറ്റ തൊഴിലാളികളുടെ വോട്ട് നിർണായകമാണ്. 2024-ലെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം മൂന്ന് കോടിയിലധികം പേരാണ് തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിയത്. ഇതിൽ അൻപത് ലക്ഷം പേർക്ക് വോട്ടർ പട്ടികയിൽ പേരുണ്ട്.
അതേസമയം , അധികാരം കിട്ടിയാൽ ഓരോ വീട്ടിലും ഒരാൾക്കെങ്കിലും തൊഴിൽ നൽകി ബിഹാറിൽ നിന്നുള്ള ഒഴുക്ക് അവസാനിപ്പിക്കും എന്ന് ഇന്ത്യ സഖ്യം വാഗ്ദാനം ചെയ്യുന്നു.വികസന പ്രവർത്തനങ്ങൾ വ്യാപകമാക്കുമെന്നും വാണിജ്യവത്കൃത ബിഹാറിനുള്ള അടിത്തറയിടുമെന്നും എൻ.ഡി.എ വാഗ്ദാനം നൽകുന്നു.
ഹരിയാനയിൽ 'വോട്ട് മോഷണം' ആരോപിച്ച് രാഹുൽ ഗാന്ധി
ബിഹാർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ്, കഴിഞ്ഞ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ടുകൾ നടന്നുവെന്ന ഗുരുതര ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കോൺഗ്രസ് "ഹൈഡ്രജൻ ബോംബ്" എന്ന് വിശേഷിപ്പിച്ച 'എച്ച്' ഫയൽസിലെ നിർണായക വിവരങ്ങളാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്.
ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകളും അഞ്ച് ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും ഉണ്ടായിരുന്നു. എട്ടിലൊന്ന് വോട്ടുകൾ വ്യാജമാണ് എന്നാണ് രാഹുൽഗാന്ധിയുടെ ആരോപണം. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തു, ബ്രസീലിയൻ മോഡലിന് വോട്ടവകാശം ലഭിച്ചു, ഒരു ചെറിയ വീട്ടിൽ 108 വോട്ടുകൾ, ബി.ജെ.പി. നേതാവിന്റെ വീട്ടിൽ 66 വോട്ടുകൾ തുടങ്ങിയവ തെളിവുകളായി രാഹുൽ പ്രദർശിപ്പിച്ചു. കശ്മീരിൽ നിന്ന് ആളെക്കൊണ്ടുവന്ന് വോട്ട് ചെയ്യിക്കും എന്ന കേരളത്തിലെ ബി.ജെ.പി. നേതാവിൻ്റെ പ്രസ്താവനയും രാഹുൽ പരാമർശിച്ചു.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർത്തതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്ന് രാഹുൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സി.സി.ടി.വി. ദൃശ്യങ്ങൾ നശിപ്പിച്ച് തെളിവുകൾ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കള്ളം പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഹരിയാനയിൽ നടന്നത് തിരഞ്ഞെടുപ്പ് അല്ല, മോഷണമാണെന്ന് ആരോപിച്ച രാഹുൽ, സമാനമായ സാഹചര്യം ബിഹാറിലും സംഭവിക്കുമെന്നും മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി, വികലാംഗനായ ദിലീപ് യാദവ് ഉൾപ്പെടെയുള്ളവരുടെ വോട്ടുകൾ ഒഴിവാക്കിയതിന് തെളിവുകളും അദ്ദേഹം നിരത്തി.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെ, ഹരിയാനയിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പ്രതികരിച്ചു. വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന ആരോപണം കേന്ദ്ര കമ്മീഷൻ തള്ളി. പരിഷ്കരണ ഘട്ടത്തിൽ കോൺഗ്രസിന്റെ ബൂത്ത് ലെവൽ ഏജൻ്റുമാർ (BLA) ഒന്നിലധികം പേരുകൾ ഒഴിവാക്കാൻ അവകാശവാദങ്ങളോ എതിർപ്പുകളോ ഉന്നയിച്ചില്ല എന്ന് കമ്മീഷൻ ചോദ്യമുയർത്തി. ഹരിയാനയിലെ വോട്ടർ പട്ടികയിൽ ഒരു അപ്പീലും ഉണ്ടായിരുന്നില്ലെന്നും, തിരഞ്ഞെടുപ്പ് ഹർജികൾ വളരെ കുറവാണെന്നും കമ്മീഷൻ അധികൃതർ വ്യക്തമാക്കി.