പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, വലിയ വാഗ്ദാനങ്ങളുമായി എൻ.ഡി.എ. (NDA) പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഏറ്റവും പ്രധാന വാഗ്ദാനം ഒരു കോടി സർക്കാർ ജോലികൾ നൽകുമെന്നാണ്. തൊഴിൽ, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികൾ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയാണ് പത്രിക.(Bihar elections, NDA releases manifesto)
കേന്ദ്ര മന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ, മുഖ്യമന്ത്രി നിതീഷ് കുമാർ, സഖ്യകക്ഷി നേതാക്കളായ ജിതൻ റാം മാഞ്ചി, ചിരാഗ് പാസ്വാൻ, ഉപേന്ദ്ര കുശ്വാഹ എന്നിവരുടെ സാന്നിധ്യത്തിൽ പട്നയിൽ വെച്ചാണ് വെള്ളിയാഴ്ച രാവിലെ പ്രകടനപത്രിക പുറത്തിറക്കിയത്.
ഒരു കോടിയിലധികം സർക്കാർ ജോലികളും കൂടാതെ നിരവധി തൊഴിലവസരങ്ങളും നൽകുമെന്ന് എൻ.ഡി.എ. വാഗ്ദാനം ചെയ്യുന്നു. നൈപുണ്യ അധിഷ്ഠിത തൊഴിൽ നൽകുന്നതിനായി 'സ്‌കിൽസ് സെൻസസ്' നടത്തുകയും എല്ലാ ജില്ലകളിലും മെഗാ സ്‌കിൽ സെന്ററുകൾ സ്ഥാപിക്കുകയും ചെയ്യും.
സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾക്ക് 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. ഒരു കോടി സ്ത്രീകളെ 'ലക്പതി ദീദിമാരാക്കും' (ലക്ഷപ്രഭുക്കളാക്കും) എന്നും പത്രികയിൽ വാഗ്ദാനമുണ്ട്.
അതിപിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിവിധ തൊഴിൽ ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപ നൽകും. കൂടാതെ, 'കർപ്പൂരി ഠാക്കൂർ കിസാൻ സമ്മാൻ നിധി'ക്ക് കീഴിൽ, കർഷകർക്ക് പ്രതിവർഷം 3,000 രൂപയുടെ അധിക ആനുകൂല്യം നൽകും.
പട്‌നയ്ക്ക് പുറമെ ബീഹാറിലെ 4 നഗരങ്ങളിൽ കൂടി മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും. പത്ത് പുതിയ വ്യവസായ പാർക്കുകൾ സ്ഥാപിക്കും. 5 വർഷത്തിനുള്ളിൽ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് കൊണ്ടുവരും.
243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം നവംബർ 14-ന് പ്രഖ്യാപിക്കും.