പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ, പട്ന ഉൾപ്പെടെ 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.(Bihar elections, First phase of campaigning ends today)
തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ആദ്യഘട്ടം ഏറെ നിർണ്ണായകമാണ്. 2020-ലെ തിരഞ്ഞെടുപ്പിൽ ഈ 121 സീറ്റുകളിൽ 61 സീറ്റുകൾ മഹാസഖ്യം നേടിയിരുന്നു. അവസാനവട്ട പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ ബിഹാറിലുണ്ട്. ബി.ജെ.പി.യുടെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെ.പി. നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും.
ദൈനിക് ഭാസ്കർ സർവേ പ്രകാരം സംസ്ഥാനത്ത് എൻ.ഡി.എ.യ്ക്ക് മുൻതൂക്കമുണ്ട്. 153 മുതൽ 160 സീറ്റ് വരെ എൻ.ഡി.എ. നേടിയേക്കാം എന്നാണ് പ്രവചനം. ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വോട്ടർപട്ടികയിലെ മാറ്റങ്ങൾ എഴുതി നൽകണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോടതിയുടെ ഈ നിർദ്ദേശം നിർണായകമാകും.