ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; തേജസ്വി യാദവും 18 മന്ത്രിമാരും ജനവിധി തേടുന്നു | Bihar Assembly Elections

രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; തേജസ്വി യാദവും 18 മന്ത്രിമാരും ജനവിധി തേടുന്നു | Bihar Assembly Elections
Published on

പട്ന: രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. 18 ജില്ലകളിലെ 121 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് പോളിംഗ് നടക്കുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിംഗ്.(Bihar Assembly Elections, First phase of voting begins)

1,314 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 3.75 കോടി വോട്ടർമാർ ഇന്ന് സമ്മതിദാനം രേഖപ്പെടുത്തും. ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ് ഇന്ന് ജനവിധി തേടുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു. നിലവിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. എൻഡിഎയിലെ ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സമ്രാട്ട് ചൗധരി എന്നിവരുടെ സീറ്റുകളും ആദ്യ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

എൻഡിഎ സഖ്യത്തിലെ 18 മന്ത്രിമാരാണ് ഇന്ന് ജനവിധി തേടുന്നത് എന്നതിനാൽ ഈ ഘട്ടം അവർക്ക് നിർണായകമാണ്. നിതീഷ് കുമാർ ആദ്യമായി നിയമസഭയിലേക്ക് വിജയിച്ച അദ്ദേഹത്തിന്റെ ജന്മനാടായ ഹർണൗത്ത് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഈ 121 സീറ്റുകളിൽ 60 എണ്ണം വിജയിക്കാൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞിരുന്നു. എൻഡിഎ 59 സീറ്റുകളാണ് നേടിയത്. 20 വർഷത്തിനു ശേഷം അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ആർജെഡിയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ തവണത്തെ മുൻതൂക്കം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

തലസ്ഥാനമായ പട്ന അടക്കമുള്ള എല്ലായിടത്തും കനത്ത സുരക്ഷാ സന്നാഹമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ പുറത്തുവിട്ട 'എച്ച്' ബോംബ് (ഹരിയാണയിലെ ആരോപണം) ബിഹാർ ജനതയുടെ മനസ്സിനെ എങ്ങനെ സ്വാധീനിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com