പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളിയതിനൊപ്പം സഖ്യത്തിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളും ചേർന്നതോടെ മഹാസഖ്യം തകർന്നടിയുകയായിരുന്നു.(All the grand strategies of Mahagathbandhan failed in Bihar)
പ്രമുഖ കക്ഷിയായ രാഷ്ട്രീയ ജനതാ ദളിനും (ആർജെഡി) തേജസ്വി യാദവിനും 2020-ലെ പ്രകടനം ആവർത്തിക്കാൻ ഇത്തവണ സാധിച്ചില്ല. 2020-ൽ 75 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി-ജെഡിയു സഖ്യത്തിന് വലിയ വെല്ലുവിളി ഉയർത്തിയ ആർജെഡിക്ക് ഇത്തവണ ആ നേട്ടത്തിന്റെ അടുത്തെത്താൻ പോലുമായില്ല.
കഴിഞ്ഞ തവണ 75 സീറ്റുകൾ നേടിയ ആർജെഡിക്ക് ഇത്തവണ 25 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. എന്നാൽ, സീറ്റുകൾ കുറഞ്ഞെങ്കിലും ആർജെഡിക്ക് വോട്ടിങ് ശതമാനത്തിൽ മുന്നിലെത്താൻ കഴിഞ്ഞത് ഏക ആശ്വാസമായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ആർജെഡിയുടെ വോട്ടുവിഹിതം 23% ആണ്.
പ്രതിപക്ഷത്തായിട്ടും ഏറ്റവും ഉയർന്ന വോട്ടുവിഹിതം നേടാൻ ആർജെഡിക്ക് സാധിച്ചു. ബിജെപിക്ക് 20.8 ശതമാനവും ജെഡിയുവിന് 19.2 ശതമാനവുമാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതമായി ലഭിച്ചത്. മഹാസഖ്യത്തിലെ പാളിച്ചകൾ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് വലിയ തിരിച്ചടിയായപ്പോൾ, ബിജെപിയും ജെഡിയുവും തങ്ങളുടെ വോട്ട് ബാങ്ക് വലിയ നഷ്ടമില്ലാതെ നിലനിർത്താൻ ശ്രമിച്ചു.