

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 121 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ജനം വിധിയെഴുതുക. 1314 സ്ഥാനാർഥികളുടെ ഭാവി നിർണയിക്കേണ്ടത് 3 കോടി 75 ലക്ഷം വോട്ടർമാരാണ്.(121 constituencies, 3.75 crore voters, First phase of polling in Bihar tomorrow)
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് ഉൾപ്പെടെ നിരവധി പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. തേജസ്വി യാദവ് (മഹാസഖ്യം): രാഘോപൂർ, സാമ്രാട്ട് ചൗധരി (ബിജെപി ഉപമുഖ്യമന്ത്രി): താരാപൂർ, വിജയ് കുമാർ സിൻഹ (ബിജെപി ഉപമുഖ്യമന്ത്രി): ലഖിസരായി, തേജ് പ്രതാപ് യാദവ്: (തേജസ്വിയുടെ സഹോദരൻ) പുതിയ പരീക്ഷണവുമായി മഹുവയിൽ നിന്ന് മത്സരിക്കുന്നു. മൈഥിലി ഠാക്കൂർ (ഗായിക): അലിനഗറിലെ താര സ്ഥാനാർഥിയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് ദുലാർചന്ദ് യാദവ് എന്ന ജൻസുരാജ് പാർട്ടി നേതാവിന്റെ കൊലപാതകം വലിയ ചർച്ചയായിരുന്നു. ഈ സംഭവം നടന്ന മൊക്കാമ മണ്ഡലത്തിലും ജനവിധി ആദ്യ ഘട്ടത്തിലാണ്. ദുലാർചന്ദ് യാദവിനെ കൊലപ്പെടുത്തിയ കേസിൽ ജെഡിയു സ്ഥാനാർഥി ആനന്ദ് സിംഗ് നിലവിൽ ജയിലിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം ജയിലിൽ നിന്നാണ് മത്സരിച്ച് വിജയിച്ചത് എന്ന കൗതുകവുമുണ്ട്. അതേസമയം, രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ മുന്നണികൾ പ്രചാരണം കൊഴുപ്പിക്കുകയാണ്. കനത്ത സുരക്ഷയിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.