
രാജ്യത്ത് 25 വര്‍ഷം പിന്നിടുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്‍ഷത്തെ ആദ്യ 6 മാസം 36,194 കാറുകള്‍ വിറ്റ് ചരിത്ര നേട്ടം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 134% കൂടുതലാണിത്. ഇതിന് മുന്‍പ് 2022-ലാണ് ഏറ്റവും ഉയര്‍ന്ന അര്‍ധ വാര്‍ഷിക വില്‍പന കൈവരിച്ചത് - 28,899 യൂണിറുകള്‍. റെക്കോഡ് അര്‍ധ വാര്‍ഷിക വില്‍പനയോടെ സ്‌കോഡ ഓട്ടോ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ ഏഴ് ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളിലൊന്നായിരിക്കയാണെന്ന് ബ്രാന്‍ഡ് ഡയറക്റ്റര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. 2024- ലെ റാങ്കിങ്ങില്‍ നിന്ന് നാല് സ്ഥാനം മുന്നോട്ടു കയറിയാണ് ഈ നേട്ടം കൈവരിച്ചത്. കമ്പനിയുടെ 4 മീറ്ററില്‍ താഴെയുള്ള ആദ്യ എസ് യുവിയായ കൈലാക്ക് വിപണിയിലിറക്കിക്കൊണ്ടാണ് സ്‌കോഡ ഇന്ത്യ 2025 ആരംഭിച്ചത്. ഏവര്‍ക്കും അനുയോജ്യമായ എസ് യുവി എന്ന നിലയില്‍ ഒട്ടേറെ കാര്‍ഉപയോക്താക്കളെ സ്‌കോഡയിലേക്കടുപ്പിക്കാന്‍ കൈലാഖ് സഹായകമായി; ഒന്നാം നിര നഗരങ്ങളില്‍ ആഴത്തില്‍ വേരോടാനും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ കൂടുതല്‍ വളരാനും ഇതിലൂടെ സാധിച്ചു. തുടര്‍ന്ന് രണ്ടാം തലമുറ കോഡിയാക്ക് ലക്ഷ്വറി 4x4 എത്തി. നേരത്തെയുള്ള കുഷാഖ് കൂടി ആയപ്പോള്‍ ഉപയോക്താക്കള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കനുയോജ്യമായ എസ്യുവി തെരഞ്ഞെടുക്കാന്‍ സാധിച്ചു. സ്‌കോഡ ഇന്ത്യയുടെ സെഡാന്‍ പാരമ്പര്യം സ്ലാവിയയിലൂടെ തുടരുമ്പോള്‍, ആഗോള തലത്തില്‍ വന്‍ സ്വീകാര്യത നേടിയ ഒരു സെഡാന്‍ താമസിയാതെ ഇന്ത്യയിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനിക ഓട്ടോമാറ്റിക്, ഡിരക്റ്റ് ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ സ്‌കോഡയുടെ എല്ലാ മോഡലുകളിലും ലഭ്യമാണ്. 2021-ല്‍ 120 ഔട്‌ലെറ്റുകള്‍ ഉണ്ടായിരുന്നത് നിലവില്‍ 295 ആണ്. ഇത് 2025 അവസാനത്തോടെ 350 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സാധാരണ വാറണ്ടിക്ക് പുറമെ വാറണ്ടി നീട്ടിക്കിട്ടുന്നതിനുള്ള വിവിധ സ്‌കീമുകളും മെയ്ന്റനന്‍സ് പാക്കേജുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്‌കോഡ സൂപ്പര്‍ കെയര്‍ പാക്കേജ് പ്രകാരം എല്ലാ സ്‌കോഡ കാറുകള്‍ക്കും ആദ്യ ഒരു വര്‍ഷം പതിവുസര്‍വീസിന് ചാര്‍ജ് നല്‍കേണ്ടതില്ല. പതിവുസര്‍വീസിന് പണം നല്‍കേണ്ടി വരിക രണ്ടാം വര്‍ഷം ഒടുവിലോ 30,000 കിലോമീറ്റര്‍ ഓടിയതിന് ശേഷമോ (ഇതിലേതാണോ ആദ്യം) ആയിരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.