പുത്തന്‍ ലുക്കില്‍ കൂടുതല്‍ കരുത്തില്‍ റെനോ ഡസ്റ്റര്‍ തിരിച്ചെത്തി

പുത്തന്‍ ലുക്കില്‍ കൂടുതല്‍ കരുത്തില്‍ റെനോ ഡസ്റ്റര്‍ തിരിച്ചെത്തി
Updated on

കൊച്ചി: രാജ്യത്തെ മിഡ്-സൈസ് എസ് യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റെനോയുടെ ഐതിസാഹിക മോഡലായ റെനോ ഡസ്റ്റര്‍ വിപണിയില്‍ തിരിച്ചെത്തി. റെനോ ഗ്രൂപ്പിന്റെ സഹകമ്പനിയായ റെനോ ഇന്ത്യ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുതുതലമുറ റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്.

കരുത്തുറ്റ സാഹസിക സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുള്ള ഈ പുതിയ മോഡല്‍ ഡിസൈന്‍, പവര്‍ട്രെയിന്‍ ടെക്‌നോളജി, സുരക്ഷ, കംഫര്‍ട്ട്, കണക്ടിവിറ്റി തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമാണ് ഈ വാഹനം കൈവരിച്ചിരിക്കുന്നത്. കൂടാതെ റെനോയുടെ ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027 പ്രകാരം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ വാഹനം കൂടിയാണിത്.

റെനോയുടെ ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027ന്റെ ഭാഗമായി യൂറോപ്പിന് പുറത്ത് റെനോയുടെ ഏറ്റവും വലിയ പ്രധാന ഇടമായി ഇന്ത്യയെ മാറ്റുകയാണെന്ന് റെനോ ബ്രാന്റ് സിഇഒയും റെനോ ഗ്രൂപ്പ് ചീഫ് ഗ്രോത്ത് ഓഫീസറുമായ ഫാബ്രിസ് കാംബൊലീവ് പറഞ്ഞു. ഡിസൈന്‍, എന്‍ജിനീയറിംഗ്, നിര്‍മ്മാണം, ലോക്കല്‍ ഓപ്പറേഷനുകള്‍ എന്നിവയടങ്ങിയ ശക്തമായ സംവിധാനങ്ങള്‍ ചെന്നൈയില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ന് തങ്ങള്‍ക്ക് പൂര്‍ണ്ണ ശേഷിയുണ്ടെന്നും പുതിയ ഡസ്റ്റര്‍ ഇന്ത്യയിലെ റെനോയുടെ പുതുതുടക്കത്തിന്റെ ആരംഭമാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 90 ശതമാനം ഘടകങ്ങളും ഇന്ത്യയ്ക്കായി രൂപകല്‍പ്പന ചെയ്ത ഈ പുതിയ റെനോ ഡസ്റ്റര്‍ റോനോ ഗ്രൂപ്പ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിട്ടുള്ളത്. കടുത്ത കാലാവസ്ഥയും റോഡ് സാഹചര്യങ്ങളും നേരിടാന്‍ തയ്യാറാക്കിയ ഈ പ്ലാറ്റ്‌ഫോം, 5-സ്റ്റാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.

ടര്‍ബോ ടിസിഇ 160, ടര്‍ബോ ടിസി 100 എന്നീ ടര്‍ബോ പെട്രോള്‍ എഞ്ചിനികളും ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച സ്‌ട്രോങ് ഹൈബ്രിഡ് ഇ ടെക് 160 എഞ്ചിനുമാണ് വിവിധ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത്. ടര്‍ബോ ടിസിഇ 160 എഞ്ചിന് 163 പിഎസ് പവറും 280 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡ് ഡിസിറ്റി വെറ്റ് ക്ലച്ച്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്.

1.8 ലിറ്റര്‍ എന്‍ജിനും 1.4കെഡബ്ല്യൂഎച്ച് ബാറ്ററിയുമുള്ള ഹൈബ്രിഡ് ഇ ടെക് 160 എഞ്ചിന്‍ നഗര യാത്രകളില്‍ 80 ശതമാനം വരെ ഇവി മോഡില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും കാര്യക്ഷമമായ ഹൈബ്രിഡ് സിസ്റ്റങ്ങളിലൊന്നാണിത്. റെനോ ഫോറെവര്‍ പ്രോഗ്രാമിന്റെ ഭാഗമായി പുതിയ ഡസ്റ്ററിന് ഏഴ് വര്‍ഷം അല്ലെങ്കില്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയും ലഭിക്കും.

'പുതിയ റെനോ ഗ്രൂപ്പ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിനൊപ്പം അഡ്വാന്‍സ്ഡ് ഹൈബ്രിഡ് ടെക്‌നോളജിയും അധിക സുരക്ഷാ എന്‍ജിനീയറിംഗും റെനോ അവതരിപ്പിക്കുന്നുണ്ടെന്ന് റെനോ ഗ്രൂപ്പ് ഇന്ത്യ സിഇഒ സ്റ്റെഫാന്‍ ഡെബ്ലെയ്സ് പറഞ്ഞു. റെനോ ഫോറെവര്‍ പ്രോഗ്രാമിന്റെ ഭാഗമായി പുതിയൊരു ഉടമസ്ഥാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. റെനോയുടെ ഇന്ത്യയിലെ പുതിയ യാത്രയുടെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഇതിഹാസത്തിന്റെ പുനര്‍ ജന്മമാണ് പുതിയ ഡസ്റ്ററെന്ന് റെനോ ഗ്രൂപ്പിന്റെ ചീഫ് ഡിസൈന്‍ ഓഫീസറായ ലോറന്‍സ് വാന്‍ ഡെന്‍ അക്കര്‍ പറഞ്ഞു.

കരുത്തും സ്റ്റൈലും ഒത്ത് ചേര്‍ന്ന് ആ പഴയ ഡിഎന്‍എയിലുള്ള ഡിസൈനിനൊപ്പം 212എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 26.9 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 34.7 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവയോടെ ഏതു ഭൂപ്രദേശവും ആത്മവിശ്വാസത്തോടെ കീഴടക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഡസ്റ്ററിന്റെ രൂപകല്‍പ്പന.

എല്‍ഇഡി ഹെഡ്, ടെയില്‍ ലാംപുകളും പിന്നിലെ എല്‍ഇഡി ലൈറ്റ് ബാറും വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. വില്‍ ആര്‍ച്ചുകള്‍, ഡോര്‍ സൈഡ് പ്രൊട്ടക്ഷന്‍, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയും വാഹനത്തിലുണ്ട്. 4,346 മില്ലിമീറ്ററാണ് നീളം. 1,815 മില്ലിമീറ്റര്‍ വീതിയും 1,703 മില്ലിമീറ്റര്‍ ഉയരവും 2,657 മില്ലിമീറ്റര്‍ വീല്‍ ബേസുമാണ് വാഹനത്തിലുള്ളത്. ഹിമാലയന്‍ വനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മൗണ്ടന്‍ ജാഡ് ഗ്രീന്‍ നിറം പ്രത്യേക ആകര്‍ഷണമാണ്.

ഡ്രൈവര്‍ കേന്ദ്രീകൃതമായി രൂപകല്‍പ്പന ചെയ്ത അകത്തളങ്ങള്‍ ഫൈറ്റര്‍-ജെറ്റ് കാബിനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഉയര്‍ന്ന സെന്‍ട്രല്‍ കണ്‍സോള്‍, ഇ-ഷിഫ്റ്റര്‍, പ്രീമിയം ലെതറെറ്റ് സീറ്റുകള്‍, കാര്‍ബണ്‍ ഫൈബര്‍ ഡാഷ്‌ബോര്‍ഡ്, പനോരമിക് സണ്‍റൂഫ് എന്നിവ ഉള്‍ഭാഗത്തുണ്ട്.

ഗൂഗിള്‍ സപ്പോര്‍ട്ടോടു കൂടിയ 10.1 ഇഞ്ചിന്റെ ഓപ്പണ്‍ ആര്‍ ലിങ്ക് മള്‍ട്ടിമീഡിയ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തില്‍ റിയല്‍ ടൈം ട്രാഫിക്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേ സ്റ്റോര്‍ എന്നിവയ്‌ക്കൊപ്പം 60-ലധികം കണക്ടഡ് ഫീച്ചറുകളും ലഭ്യമാണ്. ഇത് കൂടാതെ 10.25 ഇഞ്ചിന്റെ ടിഎഫ്ടി ഡ്രൈവര്‍ ഡിസ്‌പ്ലേയും 17 അഡാസ് ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്. എക്കോ, കംഫര്‍ട്ട് ഡ്രൈവ് മോഡുകളുമുണ്ട്.

റെനോയുടെ മികച്ച ആര്‍ അന്റ് ഡി വിഭാഗത്തിന്റേയും എഞ്ചിനീയറിംഗ് മികവിന്റേയും തെളിവാണ് ഈ പുതിയ ഡസ്റ്ററെന്ന് റെനോ എഞ്ചിനീയറിംഗ് ചീഫ് വെള്ളാണ്ടി വിക്രമന്‍ പറഞ്ഞു.

21,000 രൂപ വിലയുള്ള ആര്‍ പാസ് വാങ്ങി പുതിയ ഡസ്റ്റര്‍ പ്രീ ബുക്ക് ചെയ്യാം. മാര്‍ച്ച് പകുതിയോടെ വില പ്രഖ്യാപിക്കും. ഏപ്രില്‍ മുതലാണ് വാഹനത്തിന്റെ ഡെലിവെറി. ദീപാവലി മുതലാണ് ഹൈബ്രിഡ് മോഡലിന്റെ ഡെലിവറി. ആര്‍ പാസുള്ളവര്‍ക്ക് പ്രത്യേക പ്രാരംഭ വില, മുന്‍ഗണന ഡെലിവറി, കോംപ്ലിമെന്ററി ഗാങ് ഓഫ് ഡസ്റ്റേഴ്‌സ് മെര്‍ക്കണ്ടൈസ്, ഡസ്റ്ററിന്റെ ഫാക്ടറി വിസിറ്റ് എന്നിവയും ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com