Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeAutoഓട്ടോയ്ക്ക് ഇനി മോഡേണ്‍ ലുക്ക്, മഹീന്ദ്ര ഉഡോ ഇ-ഓട്ടോ പുറത്തിറക്കി

ഓട്ടോയ്ക്ക് ഇനി മോഡേണ്‍ ലുക്ക്, മഹീന്ദ്ര ഉഡോ ഇ-ഓട്ടോ പുറത്തിറക്കി

🎙️ Latest Podcast

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാണിജ്യവാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ്, ലാസ്റ്റ് മൈല്‍ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ഉഡോ എന്ന പേരില്‍ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ പുറത്തിറക്കി. ഹിന്ദിയില്‍ ഉഡോ എന്നാല്‍ പറക്കുക എന്നാണ് അര്‍ഥം. വിമാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ഉഡോ , ഒരു ഓട്ടോപ്ലെയിന്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ക്ക് ചിറകു നല്‍കാനും ജീവിതത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ അവരെ സഹായിക്കാനും മഹീന്ദ്ര ഉഡോ ലക്ഷ്യമിടുന്നു. 384299.00 രൂപയാണ് എക്സ്-ഷോറൂം വിലയെങ്കിലും പരിമിതമായ കാലയളവിലേക്ക് ഉഡോ 358999.00 രൂപയ്ക്ക് ലഭ്യമാകും.

1948 മുതല്‍ മാറ്റമില്ലാതെ തുടരുന്ന പരമ്പരാഗത ഓട്ടോ ഡിസൈനുകളില്‍ നിന്ന് മാറിയാണ് ഉഡോയുടെ രൂപകല്‍പന. മഹീന്ദ്രയുടെ ചീഫ് ഡിസൈന്‍ ആന്‍ഡ് ക്രിയേറ്റീവ് ഓഫീസര്‍ പ്രതാപ് ബോസും സംഘവുമാണ് ഉഡോ ഓട്ടോറിക്ഷയുടെ വിപ്ലവകരമായ രൂപകല്‍പനയ്ക്ക് പിന്നില്‍. ഈ സെഗ്മെന്‍റിലെ ആദ്യത്തെ മോണോകോക്ക് നിര്‍മാണ രീതിയില്‍ ഡിസൈന്‍ ചെയ്ത ഉഡോ, ആകര്‍ഷകവും വായുഗതിക്ക് അനുയോജ്യവുമായ രൂപഭംഗിയാല്‍ വേറിട്ടുനില്‍ക്കുന്നു. ബോള്‍ഡ് ഹെഡ്ലാമ്പുകള്‍, സ്റ്റൈലിഷ് മിററുകള്‍, വലിയ വിന്‍ഡ്ഷീല്‍ഡ് എന്നിവ വാഹനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഡ്രൈവര്‍ക്കായി പൈലറ്റ് സീറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ വിഭാഗത്തിലെ ഏറ്റവും സുഖപ്രദമായ സീറ്റും, യാത്രക്കാര്‍ക്കുള്ള വിശാലമായ ഫസ്റ്റ് ക്ലാസ് ഇരിപ്പിടവും ലോഞ്ചിന് സമാനമായ അനുഭവം നല്‍കും.

11.7 കെഡബ്ല്യുഎച്ച് ലിഥിയം അയണ്‍ ബാറ്ററി പാക്ക് ആണ് ഉഡോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 10 കി.വാട്ട് പീക്ക് പവറും 52 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ 55 കിലോമീറ്ററാണ് പരമാവധി വേഗത. വാഹനത്തിന് 1.5 ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ 6 വര്‍ഷത്തെ വാറന്‍റി ലഭിക്കും. കൂടാതെ ഒരു ലക്ഷം കിലോമീറ്റര്‍ വരെ സൗജന്യ സര്‍വീസും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. റേഞ്ച്, റൈഡ്, റേസ് എന്നിങ്ങനെ സ്മാര്‍ട്ട് ഡ്രൈവ് മോഡുകള്‍ ഉള്ള ഉഡോ ഈ വിഭാഗത്തിലെ ഏറ്റവും ഊര്‍ജക്ഷമതയുള്ള വാഹനം കൂടിയാണ്. വാഹനത്തിന്‍റെ നിയന്ത്രണം സുഗമമാക്കുന്ന റിവേഴ്സ് ത്രോട്ടില്‍, ക്രീപ്പ് മോഡ് എന്നീ ഫീച്ചറുകള്‍ ഈ സെഗ്മെന്‍റില്‍ ആദ്യമാണ്. ശക്തമായ ഡ്രം ബ്രേക്കുകള്‍ ആണ് മറ്റൊരു സവിശേഷത.

ലാസ്റ്റ് മൈല്‍ ഗതാഗതത്തെ വൈദ്യുതീകരിക്കുക വഴി ഉപഭോക്താക്കളുടെ ജീവിതം അര്‍ഥവത്തായ രീതിയില്‍ മെച്ചപ്പെടുത്തുക എന്നതാണ് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റിയില്‍ തങ്ങളുടെ ലക്ഷ്യമെന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സുമന്‍ മിശ്ര പറഞ്ഞു. ഈ വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നുമുള്ള ഞങ്ങളുടെ വിശ്വാസത്തെയാണ് പൂര്‍ണമായും പുനര്‍രൂപകല്‍പന ചെയ്ത മഹീന്ദ്ര ഉഡോ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.