കൊച്ചി: രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ആഡംബര യാത്രാ മേഖലയെ പുനര്‍നിര്‍വചിച്ചുകൊണ്ട് മെഴ്സിഡസ് ബെന്‍സ് പുത്തന്‍ വി ക്ലാസ് പുറത്തിറക്കി. ആഡംബര പൂര്‍ണമായ സുഖസൗകര്യങ്ങള്‍, അത്യാധുനിക ഡിസൈന്‍, സമാനതകളില്ലാത്ത സ്ഥലസൗകര്യം, എന്നിവ സമന്വയിപ്പിക്കുന്ന പുതിയ വി-ക്ലാസ് ഉപഭോക്താക്കള്‍ക്ക് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. ആഡംബരവും സ്വകാര്യതയും സ്വാതന്ത്ര്യവും ഒത്തൊരുമിച്ചുള്ള യാത്രയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.
5,370 എംഎം നീളവും 3,430 എംഎം വീല്‍ബേസും 1,928എംഎം വീതിയും 1,880 എംഎം ഉയരവുമുള്ള എക്സ്ട്രാ ലോങ് വീല്‍ബേസ് കോണ്‍ഫിഗറേഷനിലുള്ള വി ക്ലാസ് സമാനതകളില്ലാത്ത സുഖസൗകര്യങ്ങളോടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനം കൂടിയാണ്.
എയര്‍മാറ്റിക് സസ്പെന്‍ഷന്‍, ആഡംബര സീറ്റുകള്‍, എഎംജി ലൈന്‍ എക്സ്റ്റീരിയര്‍, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ എക്സ്ട്രാ ലോങ് വീല്‍ബേസിന്റെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി നല്‍കും. ഇന്ത്യയിലുടനീളം 1.4 കോടി രൂപയാണ് വി-ക്ലാസിന്റെ എക്സ്ഷോറൂം വില. പ്രാരംഭ വിലയാണിത്.
ചക്രങ്ങളില്‍ ഒരുക്കിയ ഒരു പ്രൈവറ്റ് സ്യൂട്ട് ആണ് വി-ക്ലാസിലൂടെ മെഴ്സിഡസ് ബെന്‍സ് നല്‍കുന്നത്. അത്യാധുനികമായ 6-സീറ്റ് ലേഔട്ടില്‍, രണ്ടാമത്തെ നിരയില്‍ മൂന്ന് തരത്തിലുള്ള വെന്റിലേഷന്‍, മസാജ് സൗകര്യം, കാഫ് സപ്പോര്‍ട്ട്, പുറത്തേക്ക് നീക്കാവുന്ന കപ്പ് ഹോള്‍ഡറുകള്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിവയോട് കൂടിയ ഫസ്റ്റ് ക്ലാസ് ലക്ഷ്വറി ഇന്‍ഡിവിജ്വല്‍ സീറ്റുകളാണ് പുതിയ വി-ക്ലാസില്‍ നല്‍കിയിരിക്കുന്നത്. മൂന്നാം നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ വിഭാഗത്തിലെ ആദ്യ വാഹനവും വി-ക്ലാസ് തന്നെയാണ്. ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കറേജ്, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ എന്നിവയും ഇതിലുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേഷന്‍ സൗകര്യമുള്ളതുമായ സീറ്റുകളാണ് മുന്‍നിരയില്‍. സീറ്റിന്റെ കുഷ്യന്‍ നീളം ക്രമീകരിക്കാനുള്ള സൗകര്യത്തോടു കൂടിയ സീറ്റുകള്‍ ഒരു ആഡംബര കമാന്‍ഡ് സെന്റര്‍ അനുഭവമാണ് നല്‍കുക.
64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്, 15 ലൗഡ് സ്പീക്കറുകളിലൂടെ 640 വാട്ട്സ് ഔട്ട്പുട്ട് നല്‍കുന്ന ഡോള്‍ബി അറ്റ്മോസ് സൗകര്യമുള്ള ബര്‍മസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, തെര്‍മോട്രോണിക് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍ബ്ലൈന്റോട് കൂടിയ ഹീറ്റ്-ഇന്‍സുലേറ്റിങ് ഗ്ലാസ് എന്നിവ കാബിനിലെ അന്തരീക്ഷം കൂടുതല്‍ മനോഹരവും സൗകര്യപ്രദവുമാക്കും. പ്രകൃതിദത്തമായ ശബ്ദങ്ങള്‍ ഉള്‍പ്പടെ പത്ത് വ്യത്യസ്ത വെല്‍നസ് മോഡുകള്‍ അടങ്ങിയ എനര്‍ജൈസിങ് കംഫര്‍ട്ട് പ്രോഗ്രാമും ഇതിലുണ്ട്. ഇരുവശങ്ങളിലുമുള്ള ഇലക്ട്രിക് സ്ലൈഡിങ് ഡോറുകള്‍ കീ ഉപയോഗിച്ചോ, പുറത്തെ ഡോര്‍ ഹാന്‍ഡില്‍ വഴിയോ, ഡ്രൈവര്‍ സീറ്റിലിരുന്നോ അല്ലെങ്കില്‍ ഡോര്‍ പാനലിലെ ബട്ടണ്‍ വഴിയോ പ്രവര്‍ത്തിപ്പിക്കാം. സ്ഥലപരിമിതിയുള്ള ഇടങ്ങളിലും എളുപ്പത്തില്‍ സാധനങ്ങള്‍ കയറ്റാന്‍ സഹായിക്കുന്ന ഇലക്ട്രിക്കലി ഓപ്പറേറ്റ് ചെയ്യാവുന്ന സ്പ്ലിറ്റ് ടെയില്‍ഗേറ്റ് ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.
മെഴ്സിഡസ് ബെന്‍സ് ഇന്ത്യയില്‍ വി-ക്ലാസിന്റെ പ്രാദേശിക ഉല്‍പ്പാദനം ആരംഭിക്കും. വി-ക്ലാസ് പ്രാദേശികമായി നിര്‍മിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വിപണിയായി ഇന്ത്യ മാറും. ഇതിലൂടെ ഇന്ത്യന്‍ വിപണിയോടുള്ള കമ്പനിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട പ്രതിബദ്ധത കൂടിയാണ് വീണ്ടും ഉറപ്പിക്കുന്നത്. മെഴ്‌സിഡസ് മെയ്ബാക്ക് ജിഎല്‍എസ് എസ്‌യുവിയുടെ ഉല്‍പ്പാദനം പ്രാദേശികമായി ആരംഭിച്ചതായും കമ്പനി അറിയിച്ചു.
മെഴ്സിഡസ് ബെന്‍സ് വി-ക്ലാസിന്റെ പെട്രോള്‍ വേരിയന്റിന് 1999 സിസിയും ഡീസലിന് 1951 സിസിയുമാണ് എഞ്ചിന് കരുത്ത്. 170 കിലോവാട്ട് (228 ബിഎച്ച്പി) + 15 കിലോവാട്ട് (20 ബിഎച്ച്പി)യാണ് പെട്രോള്‍ വേരിയന്റിന്റെ പരമാവധി കരുത്ത്. ഡീസലിനിത് 174 കിലോവാട്ട് (233 ബിഎച്ച്പി) ആണ്. ഇരു വേരിയന്റുകളിലും 9ജി-ട്രോണിക് ഗിയര്‍ സംവിധാനമാണുള്ളത്.

