
അനന്തപുരിയുടെ ദേശീയ ഉത്സവം എന്നാണ് 'ആറ്റുകാൽ പൊങ്കാല' അറിയപ്പെടുന്നത്. സ്ത്രീകളുടെ ശബരിമലഎന്നറിയപ്പെടുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കുമായി ഭക്തലക്ഷങ്ങൾ അമ്മയ്ക്ക് സമർപ്പിക്കുന്നു. ഇന്ന് വിദേശ രാജ്യങ്ങളിൽ പോലും മലയാളികൾ ആറ്റുകാൽ പൊങ്കാല നടത്തുന്നുണ്ട്. ആറ്റുകാൽ ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ പൊങ്കാല മഹോത്സവം ഗിന്നസ് ബുക്കിലും അറിയപ്പെടുന്നു.
ഉത്സവം കോടിയേറി ഒൻപതാം ദിവസമാണ് പൊങ്കാല. ഇത്തവണ മാർച്ച് 13 ആം തീയതി അതായത് കുഭമാസത്തിലെ പൂരം നാളിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് നാടും നഗരവും ഭക്തലക്ഷങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളും വിശേഷങ്ങളും വായിക്കാം...
പൊങ്കാല ഉത്സവം - കാർത്തികയിൽ തുടങ്ങി ഉത്രം വരെ
കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിനു തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് പൊങ്കാല നടക്കുക. ആഘോഷങ്ങള്‍ ഉത്രം നാളില്‍ അവസാനിക്കും.
പൊങ്കാല തീയതിയും സമയവും
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുവരുന്ന ഒൻപതാം ഉത്സവ ദിവസമായ മാർച്ച് 13 വ്യാഴാഴ്ചയാണ് 2025 ലെ ആറ്റുകാൽ പൊങ്കാല മഹോത്സവം. മാർച്ച് 5 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമാകും. 13 ന് രാവിലെ 10.15 ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദിക്കുന്നത്. 14 ന് ഉത്സവം സമാപിക്കും. താലപ്പൊലി, വിളക്കുകെട്ട്, പുറത്തെഴുന്നള്ളത്ത്, തട്ടനിവേദ്യം തുടങ്ങിയവയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ.
ആറ്റുകാല്‍ പൊങ്കാല ഐതീഹ്യം
മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം. തന്റെ കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയുടെ കോപം ശമിപ്പിച്ച് ആശ്വസിപ്പിക്കുന്നതിനായി ജനങ്ങൾ പൊങ്കാല നല്കി എതിരേറ്റുവെന്നും അതിന്‍റെ ഓർമ്മയിലാണ് പൊങ്കല അർപ്പിക്കുന്നതെന്നുമാണ് ഒരു വിശ്വാസം.
മറ്റൊരു വിശ്വാസം മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. അതിന്റെ ഓർമ്മയിൽ ഇവിടെ പൊങ്കാല ആചരിക്കുന്നുവെന്നും പറയപ്പെടുന്നു. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം ഭക്തർ വിശ്വാസിച്ചുവരുന്നു.
പൊങ്കാല - പഞ്ചഭൂതങ്ങളുടെ സംഗമം
പൊങ്കാലയിൽ പഞ്ചഭൂതങ്ങളുടെ സംഗമമാണ് കാണുവാൻ സാധിക്കുന്നത്. അതായത് ഭൂമിയെ പ്രതീകമായ മൺകലവും അരിയും മറ്റുള്ള ആകാശം, വായു, ജലം, അഗ്നി എന്നിവയോട് ചേരുന്നതാണ് പൊങ്കാലയുടെ പുണ്യം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരത്തിലെ പഞ്ചഭൂതങ്ങൾ ഒന്നിച്ചുചേരുന്ന ആനന്ദമാണ് ഇതിൽനിന്നും ലഭിക്കുന്നത്. കുളി കഴിഞ്ഞ് ശുദ്ധിയോടെ പുതുവസ്ത്രം ധരിച്ച് സൂര്യന് അഭിമുഖമായി നിന്നാണ് പൊങ്കാല ഇടുന്നത്.
പൊങ്കാല തിളച്ചു തൂകുന്ന ദിശകളുടെ ഫലങ്ങൾ
പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. പൊങ്കാല തിളച്ചു തൂകുന്നത് വരാനിരിക്കുന്ന അഭിവൃദ്ധികളെ സൂചിപ്പിക്കുന്നു. കിഴക്കോട്ടു തൂകിയാൽ ഇഷ്ടകാര്യങ്ങൾ ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം കാലതാമസം ഉണ്ടാകും. പടിഞ്ഞാറും തെക്കുമായാൽ ദുരിതം മാറിയിട്ടില്ല. നവഗ്രഹഭജനം നന്നായി വേണമെന്ന് അർഥം.
മണ്ടപ്പുറ്റിന്റെ ഫലം
ശിരോരോഗങ്ങള്‍ മാറുന്നതിനാണ് മണ്ടപ്പുറ്റ് നടത്തേണ്ടത്. ദേവിയുടെ ഇഷ്ട നിവേദ്യമാണിത്.
തിരളിയുടെ പ്രത്യേകത?
ദേവിദേവന്മാർക്കെല്ലാം ഇഷ്ടവഴിപാടാണ് തിരളി നിവേദ്യം. കാര്യസിദ്ധിയുണ്ടാകും.