തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മ വിടവാങ്ങിയിട്ട് അൻപത് വർഷം തികയുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയലാർ വർഷാചരണ’ത്തിന് തലസ്ഥാന നഗരിയിൽ സംഗീതസാന്ദ്രമായ തുടക്കം (Vayalar Ramavarma 50th Anniversary). ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, വയലാറിന്റെ ജന്മദിനമായ മാർച്ച് 25 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് മാനവീയം വീഥിയിൽ ‘വയലാർ ഗാനസന്ധ്യ’ അരങ്ങേറും.
2026 മാർച്ച് 25 ബുധനാഴ്ച, വൈകുന്നേരം 6 മണി മുതൽ തിരുവനന്തപുരം മാനവീയം വീഥിയിൽ ആണ് ഗാനസന്ധ്യ അരങ്ങേറുന്നത്..
പ്രശസ്ത പിന്നണി ഗായകരായ കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ, ജി. ശ്രീറാം, രവി ശങ്കർ, രാജീവ് ഒ.എൻ.വി., വിജേഷ് ഗോപാൽ, ബിജോയ്, രാജലക്ഷ്മി, ഡോ. രശ്മി, അപർണ്ണ രാജീവ്, സരിത രാജീവ്, ആതിര, ലത ജോർജ്ജ് തുടങ്ങിയവർ വയലാർ-ദേവരാജൻ കൂട്ടുകെട്ടിലെ അനശ്വര ഗാനങ്ങൾ അവതരിപ്പിക്കും.
വയലാർ വർഷാചരണത്തിന്റെ ഭാഗമായി 2026 ഒക്ടോബർ 27 വരെ എല്ലാ മാസവും മാനവീയം വീഥിയിൽ വിവിധ സംഗീത സംഘടനകളുടെ നേതൃത്വത്തിൽ ഗാനസന്ധ്യകൾ സംഘടിപ്പിക്കും.
1975 ഒക്ടോബർ 27-ന് വിടവാങ്ങിയ വയലാറിന്റെ സ്മരണാർത്ഥം 2025 ഒക്ടോബർ 27 മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. വയലാർ അവാർഡിന്റെ സുവർണ്ണ ജൂബിലി വർഷം കൂടിയാണിത്. സാധാരണയായി മാർച്ച് 14-ന് (ദേവരാജൻ മാസ്റ്ററുടെ ചരമദിനം) നടത്താറുള്ള പരിപാടി, ഇത്തവണ വയലാർ വർഷാചരണത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 25-ലേക്ക് മാറ്റുകയായിരുന്നു.
വയലാറിന്റെയും ദേവരാജൻ മാസ്റ്ററുടെയും ഗാനങ്ങളെ സ്നേഹിക്കുന്ന എല്ലാ സംഗീത പ്രേമികളെയും ഈ സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡന്റ് ജയമോഹനും വയലാർ ട്രസ്റ്റ് സെക്രട്ടറി അഡ്വ. ബി. സതീശനും അറിയിച്ചു.
Event Summary:
As part of the 50th death anniversary of poet Vayalar Ramavarma and the Golden Jubilee of the Vayalar Literary Award, a musical event titled ‘Vayalar Ganasandhya’ will be held at Manaveeyam Veedhi, Thiruvananthapuram, on March 25, 2026, at 6 PM. Organized by the Devarajan Master Foundation, the evening will feature renowned singers like Kavalam Srikumar and Kallara Gopan. Monthly musical tributes will continue at the same venue until October 27, 2026.

