ഗാസിയാബാദ്: മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പിതാവിന്റെ സാമ്പത്തിക ബാധ്യതകളും കുടുംബത്തിലെ അസ്വാഭാവിക സാഹചര്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ഗെയിമിന് അടിമകളായ കുട്ടികൾ അത് വിലക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നായിരുന്നു പ്രാഥമിക വിവരമെങ്കിലും, ഇതിലേക്ക് നയിച്ച പശ്ചാത്തലം അതീവ സങ്കീർണ്ണമാണെന്ന് പോലീസ് കണ്ടെത്തി.(Police to solve the mystery of the mass suicide of girls in Ghaziabad)
സ്റ്റോക്ക് ട്രേഡറായ പിതാവിന് ഏകദേശം രണ്ട് കോടി രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. വീട്ടിലെ വൈദ്യുതി ബില്ലടയ്ക്കാൻ പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു കുടുംബം. പണത്തിന് ബുദ്ധിമുട്ട് വന്നതോടെ കുട്ടികളുടെ മൊബൈൽ ഫോണുകൾ പിതാവ് വിറ്റിരുന്നു. ഇതിൽ കുട്ടികൾ അതീവ രോഷാകുലരായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയ ഡയറിക്കുറിപ്പുകൾ വ്യക്തമാക്കുന്നു. ആത്മഹത്യക്കുറിപ്പിലും ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് പരാമർശമുണ്ട്.
കോവിഡ് കാലം മുതൽ കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു. മൂത്ത കുട്ടി നാലാം ക്ലാസ്സിലാണ് അവസാനമായി പഠിച്ചത്. അതിനുശേഷം ഇവർ സ്കൂളിൽ പോയിരുന്നില്ല. അയൽവാസികളോടോ മറ്റ് കുട്ടികളോടോ ഇടപഴകാതെ ഫ്ലാറ്റിനുള്ളിൽ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു ഇവരുടെ താമസം. ഓൺലൈൻ ഗെയിമുകൾക്കും വെബ് സീരീസുകൾക്കും അടിമകളായ ഇവർ യഥാർത്ഥ ലോകത്ത് നിന്ന് വിട്ടുമാറി മറ്റൊരു ലോകത്തെന്ന പോലെയാണ് ജീവിച്ചിരുന്നതെന്ന് അയൽവാസികൾ മൊഴി നൽകി.
കുട്ടികളുടെ പിതാവിന് രണ്ട് ഭാര്യമാരുണ്ട്. ഇതിൽ ആദ്യ ഭാര്യയിലെ കുട്ടിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് ഇവർ ഈ ഫ്ലാറ്റിലേക്ക് താമസം മാറിയത്. സ്റ്റോക്ക് മാർക്കറ്റിലെ തകർച്ചയാണ് കുടുംബത്തെ ഇത്ര വലിയ കടക്കെണിയിലാക്കിയത്.

