ന്യൂഡൽഹി: പാർലമെന്റിൽ തുടർച്ചയായ മൂന്ന് ദിവസമായി നിലനിൽക്കുന്ന രാഷ്ട്രീയ സ്തംഭനത്തിനൊടുവിൽ, പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം ലോക്‌സഭ പാസ്സാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ വോട്ടിനിട്ട് തള്ളിയ ശേഷമാണ് ശബ്ദവോട്ടോടെ പ്രമേയം പാസ്സായത്.(Motion of Thanks passed in Lok Sabha without Prime Minister’s reply, Unusual move)
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ തന്റെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പുകളിൽ നടത്തിയ വെളിപ്പെടുത്തലുകൾ സഭയിൽ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചതാണ് ബഹളത്തിന് ആധാരം. സഭയിൽ ഈ ഭാഗങ്ങൾ വായിക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ അംഗങ്ങൾ കടലാസ് വലിച്ചുകീറി സ്പീക്കറുടെ കസേരയ്ക്ക് നേരെ എറിയുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു. ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്യുന്ന സാഹചര്യം വരെയുണ്ടായി.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കെ.സി. വേണുഗോപാൽ ഇന്ന് സഭയിൽ ഉന്നയിച്ചു. കൂടാതെ, ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി നിർത്താനും യുഎസിൽ നിന്ന് എണ്ണ വാങ്ങാനും മോദി സമ്മതിച്ചെന്ന ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തലിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.കാർഷിക മേഖല യുഎസ് കമ്പനികൾക്ക് തുറന്നുകൊടുക്കുന്നത് ഇന്ത്യൻ കർഷകർക്ക് തിരിച്ചടിയാകുമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ലോക്‌സഭയിലെ സ്തംഭനം രാജ്യസഭയിലേക്കും പടർന്നു. രാഹുൽ ഗാന്ധിയെ “ബോധമില്ലാത്ത ബാലൻ” എന്ന് ജെ.പി. നദ്ദ വിളിച്ചത് രാജ്യസഭയിൽ വൻ ബഹളത്തിന് കാരണമായി. മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പ്രധാനമന്ത്രിക്ക് ലോക്‌സഭയിൽ മറുപടി നൽകാൻ സാധിച്ചില്ല.

