HomeNational112 വർഷത്തെ റെക്കോർഡ് തകർത്തു: ബംഗളൂരുവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള...

112 വർഷത്തെ റെക്കോർഡ് തകർത്തു: ബംഗളൂരുവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള ജൂലൈ മാസം! | Bengaluru Breaks 112 Year Weather Record

ബംഗളൂരു: കർണാടകയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായതിനെ തുടർന്ന് സംസ്ഥാനത്തുടനീളം താപനില കുത്തനെ ഉയരുന്നു. കടുത്ത ചൂടിൽ വെന്തുരുകുന്ന ഐടി നഗരമായ ബംഗളൂരുവിൽ 112 വർഷത്തെ ഏറ്റവും ഉയർന്ന ജൂലൈ മാസത്തെ താപനിലയാണ് കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. നഗരത്തിൽ പരമാവധി താപനില 33.6 ഡിഗ്രി സെൽഷ്യസിലെത്തി. 1914-ലും പിന്നീട് 1926-ലും രേഖപ്പെടുത്തിയ 33.3 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.(Bengaluru Breaks 112 Year Weather Record With Highest July Temperature)

ബംഗളൂരുവിൽ സാധാരണയായി ജൂലൈ മാസത്തിൽ അനുഭവപ്പെടാറുള്ള ശരാശരി താപനില 28.3 ഡിഗ്രി സെൽഷ്യസാണ്. ഇതിനേക്കാൾ 5 ഡിഗ്രിയിലധികം കൂടിയ ചൂടാണ് ഇപ്പോൾ നഗരത്തിൽ അനുഭവപ്പെടുന്നത്. ബംഗളൂരുവിൽ മാത്രമല്ല, കർണാടകയിലെ ഭൂരിഭാഗം ജില്ലകളിലും സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് റായ്ച്ചൂരിലാണ്; 38.4 ഡിഗ്രി സെൽഷ്യസ്. സാധാരണയേക്കാൾ 5.3 ഡിഗ്രി കൂടുതലാണിത്. ഗദഗ്, കൊപ്പൽ, മൈസൂരു തുടങ്ങിയ പ്രദേശങ്ങളിലും എച്ച്എഎൽ, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിലും ചൂട് ഗണ്യമായി വർദ്ധിച്ചു. മൈസൂരുവിൽ മാത്രം ശരാശരിയേക്കാൾ 4 ഡിഗ്രി ചൂട് കൂടി.

കാലവർഷം ദുർബലമായതും മഴ കുറഞ്ഞതുമാണ് ഈ അസാധാരണ ഉഷ്ണതരംഗത്തിന് കാരണമായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങളിൽ വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

Story Summary

A weakening southwest monsoon has triggered an unseasonal heatwave across Karnataka, causing Bengaluru to record its highest July temperature in 112 years at 33.6 degrees Celsius. The surge in temperature bypassed the previous record of 33.3 degrees Celsius set in 1914 and 1926, leaving most parts of the state sweltering at 3 to 5 degrees above normal baselines.

Clickable Info Box