HomeNational10 കിലോഗ്രാം ഭാരമുള്ള LPG കോമ്പോസിറ്റ് സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കും ലഭ്യമാക്കാൻ...

10 കിലോഗ്രാം ഭാരമുള്ള LPG കോമ്പോസിറ്റ് സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കും ലഭ്യമാക്കാൻ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു | 10kg composite LPG cylinder

ന്യൂഡൽഹി: ഭാരം കുറഞ്ഞ 10 കിലോഗ്രാമിന്റെ എൽപിജി കോമ്പോസിറ്റ് സിലിണ്ടറുകൾ ഗാർഹിക ഉപഭോക്താക്കൾക്ക് പുറമെ വാണിജ്യ ആവശ്യങ്ങൾക്കായി വിപണിയിലെത്തിക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ആലോചിക്കുന്നു. ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയാണെങ്കിൽ വാണിജ്യ നിരക്കിലായിരിക്കും ഈ സിലിണ്ടറുകൾ ലഭ്യമാക്കുക.(10kg composite LPG cylinder, Oil Marketing Companies To Introduce them For Commercial Use)

സ്ഥലപരിമിതി കാരണം വലിയ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടുന്ന ചെറുകിട കഫേകൾ, തട്ടുകടകൾ, തെരുവ് കച്ചവടക്കാർ, വിദ്യാർത്ഥികൾ, താൽക്കാലിക താമസക്കാർ, അന്തർസംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് ഈ നീക്കം ഏറെ ആശ്വാസകരമാകും. ഹൈ-ഡെൻസിറ്റി പോളിയെത്തിലീൻ അധിഷ്ഠിതമായി നിർമ്മിക്കുന്ന ഈ അത്യാധുനിക സിലിണ്ടറുകൾ ഗ്യാസ് ഏജൻസികൾ വഴിയും തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയും വിപണിയിലെത്തിക്കാനാണ് കമ്പനികളുടെ തീരുമാനം.

നിലവിൽ എച്ച്പിസിഎല്ലിന്റെ ‘എച്ച്പി ഗ്യാസ് ഓജസ്’, ഇന്ത്യൻ ഓയിലിന്റെ ‘ഇൻഡേൻ എക്സ്ട്രാ ലൈറ്റ്’, ബിപിസിഎല്ലിന്റെ ‘ഭാരത് ഗ്യാസ് ലൈറ്റ്’ എന്നീ ബ്രാൻഡുകളിൽ ഗാർഹിക ഉപഭോക്താക്കൾക്കായി ഈ സിലിണ്ടറുകൾ പരിമിതമായ തോതിൽ ലഭ്യമാണ്. നിലവിൽ വാണിജ്യ ആവശ്യങ്ങൾക്കായി 19 കിലോ, 5 കിലോ, 2 കിലോ സിലിണ്ടറുകളാണ് എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്നത്. സ്റ്റീൽ സിലിണ്ടറുകളെ അപേക്ഷിച്ച് 50 ശതമാനത്തോളം ഭാരം കുറവാണെന്നതാണ് കോമ്പോസിറ്റ് സിലിണ്ടറുകളുടെ പ്രധാന സവിശേഷത. മൂന്ന് പാളികളുള്ള സുരക്ഷാ സാങ്കേതികവിദ്യയോടെ നിർമ്മിക്കുന്നതിനാൽ ഇവ കൈകാര്യം ചെയ്യാനും ഉയർന്ന നിലകളിലേക്ക് എത്തിക്കാനും എളുപ്പമാണ്. കൂടാതെ, ഇവയുടെ സുതാര്യമായ ഭാഗത്തിലൂടെ സിലിണ്ടറിനുള്ളിലെ പാചകവാതകത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നതിനാൽ അടുത്ത റീഫില്ലിംഗ് കൃത്യമായി പ്ലാൻ ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയും.

Story Summary

State-run oil marketing companies are planning to introduce lightweight 10-kg composite LPG cylinders for commercial use at commercial rates. This initiative aims to benefit street vendors, small cafes, students, and migrant workers who face space constraints for larger 19-kg cylinders.

Clickable Info Box