തൂത്തുക്കുടി: ഭാര്യ മറ്റൊരു വ്യക്തിക്കൊപ്പം പോയതിലുള്ള കടുത്ത മാനസിക വിഷമത്തെത്തുടർന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ലോറി ഡ്രൈവർ സ്വന്തം ചോരയിലുള്ള രണ്ട് മക്കളെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു (Man kills children electrocution thoothukudi). തൂത്തുക്കുടി ജില്ലയിലെ പുതുകോട്ടൈയ്ക്ക് സമീപമുള്ള സാവേരിയർപുരത്താണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), മകൾ മേരി നിരോഷ (14), മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. മരിച്ച മേരി നിരോഷ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും, മേരി കെനിസ്റ്റൺ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു. ഇരുവരും പ്രദേശത്തെ സ്വകാര്യ സ്കൂളിലാണ് പഠിച്ചിരുന്നത്.
ആറ് മാസം മുമ്പ് മൈക്കളിന്റെ ഭാര്യ ഇദ്ദേഹത്തെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനെത്തുടർന്ന് കടുത്ത വിഷാദത്തിലായിരുന്ന മൈക്കൾ തന്റെ സ്ഥിരം ജോലിയായ ലോറി ഡ്രൈവിംഗിന് പോകാതായി. ഇടയ്ക്ക് പെയിന്റിംഗ് ജോലികൾ ചെയ്താണ് ഇയാൾ കുടുംബം പുലർത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മക്കൾക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങി നൽകിയ ശേഷം അവരോട് വേഗം ഉറങ്ങാൻ മൈക്കൾ ആവശ്യപ്പെട്ടു. പിന്നീട് കുട്ടികൾ ഉറക്കത്തിലായപ്പോൾ, ഇലക്ട്രിക് വയറുകൾ അവരുടെ ശരീരത്തിൽ വരിഞ്ഞുമുറുക്കി കെട്ടിവെച്ച് മെയിൻ പവർ സോഴ്സുമായി ബന്ധിപ്പിച്ച് ക്രൂരമായി ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നു. മക്കൾ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഇതേ വയർ സ്വന്തം ശരീരത്തിൽ ബന്ധിപ്പിച്ച് മൈക്കളും ജീവനൊടുക്കുകയായിരുന്നു.
മൈക്കലിന്റെ 75 വയസ്സുകാരനായ പിതാവ് ആന്റണി മുത്തു സംഭവസമയത്ത് വീടിന് പുറത്തെ തിണ്ണയിലാണ് ഉറങ്ങിയിരുന്നത്. പിറ്റേന്ന് ശനിയാഴ്ച ഉച്ചയായിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ അദ്ദേഹം അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പുതുകോട്ടൈ പോലീസിൽ വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി വീടിന്റെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് കട്ടിലിൽ ഇലക്ട്രിക് വയറുകൾ ചുറ്റിയ നിലയിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പുതുകോട്ടൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: A 40-year-old lorry driver, Mary Michael, electrocuted his two minor children, Mary Nirosha (14) and Mary Keniston (12), to death before dying by suicide using the same wire at Saveriyarபுரம் near Pudukottai in Thoothukudi. Police revealed that severe depression following his wife deserting the family six months ago led to the horrific act.

