HomeWorldമെസ്സി പെനാൽറ്റി പാഴാക്കിയതിനെച്ചൊല്ലി തർക്കം; ബംഗ്ലാദേശിൽ ഓട്ടോ ഡ്രൈവറെ അർജന്റീന ആരാധകർ...

മെസ്സി പെനാൽറ്റി പാഴാക്കിയതിനെച്ചൊല്ലി തർക്കം; ബംഗ്ലാദേശിൽ ഓട്ടോ ഡ്രൈവറെ അർജന്റീന ആരാധകർ അടിച്ചുകൊന്നു | Bangladesh football murder

ധാക്ക: ഫുട്ബോൾ മൈതാനത്തെ വീറും വാശിയും അതിരുകടന്ന് ഒടുവിൽ ബംഗ്ലാദേശിൽ ദാരുണമായ ഒരു കൊലപാതകത്തിൽ കലാശിച്ചു (Bangladesh football murder). കഴിഞ്ഞ ദിവസം നടന്ന അർജന്‍റീന–ഈജിപ്ത് മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസ്സി പെനാൽറ്റി പാഴാക്കിയതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഓട്ടോ ഡ്രൈവറായ യുവാവിനെ അർജന്റീന ആരാധകർ അടിച്ചുകൊന്നു. ബംഗ്ലാദേശിലെ കുമിള ദുർഗാപൂർ യൂണിയന് കീഴിലുള്ള ധൻപൂർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുമിളയിൽ താമസക്കാരനായ ഷെരീഫുല്‍ ഇസ്‌ലാമാണ് (34) കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച അർധരാത്രി പ്രദേശത്തെ ഒരു കടയിലെ ടിവിയിൽ അർജന്റീന–ഈജിപ്ത് മത്സരം തത്സമയം കാണുന്നതിനിടെയായിരുന്നു സംഭവം. ആവേശം മുൾമുനയിലെത്തിച്ച മത്സരത്തിൽ കളിയുടെ തുടക്കത്തിൽ രണ്ട് ഗോളുകൾ നേടി ഈജിപ്ത് മുന്നിട്ടുനിന്നെങ്കിലും, അവസാന നിമിഷങ്ങളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന നാടകീയ വിജയം സ്വന്തമാക്കിയിരുന്നു. കടുത്ത ബ്രസീൽ ആരാധകനായിരുന്ന ഷെരീഫുൽ മത്സരത്തിൽ ഈജിപ്തിനെയാണ് പിന്തുണച്ചിരുന്നത്. കളിക്കിടെ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മെസ്സി മിസ്സ് ചെയ്തതോടെ ഷെരീഫ് ചില പരിഹാസ പരാമർശങ്ങൾ നടത്തി. ഇതാണ് അവിടെയുണ്ടായിരുന്ന അർജന്റീന ആരാധകരെ പ്രകോപിപ്പിച്ചത്.

വാക്കുതർക്കം പെട്ടെന്ന് തന്നെ കയ്യാങ്കളിയിലേക്ക് മാറുകയും ബാബു, മൈൻ ഉദ്ദീൻ മാലു എന്നിവരടങ്ങുന്ന സംഘം ഷെരീഫിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ച ഷെരീഫിനെ പിന്തുടർന്ന് സംഘം വീണ്ടും ക്രൂരമായി ആക്രമിച്ചു. മർദനമേറ്റ് ബോധരഹിതനായി വീണ ഇയാളെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീൽഫാമരി സ്വദേശിയായ ഷെരീഫുൾ ഉപജീവനത്തിനായാണ് എട്ടുമാസം മുൻപ് കുടുംബത്തോടൊപ്പം കുമിളയിലെത്തിയത്. ആതുരസേവനവും കുടുംബത്തിന്റെ ഏക വരുമാനമാർഗവുമായിരുന്ന ഷെരീഫിന്റെ കൊലപാതകത്തിൽ പ്രതികളായവർ നിലവിൽ ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Story Summary: An auto-rickshaw driver named Shariful Islam was beaten to death by Argentina fans in Comilla, Bangladesh, following an altercation after Lionel Messi missed a penalty during the Argentina-Egypt match. The victim, a Brazil fan, allegedly mocked the missed penalty, which provoked the assault.

 

Clickable Info Box