HomeKeralaശബരിമല തീർത്ഥാടനം പരാതിരഹിതമാകണം; പമ്പയിലേക്ക് വലിയ വാഹനങ്ങൾ നേരിട്ട് വിടുന്ന കാര്യം...

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം; പമ്പയിലേക്ക് വലിയ വാഹനങ്ങൾ നേരിട്ട് വിടുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി കെ.മുരളീധരൻ | Sabarimala Review Meeting

തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം (Sabarimala Review Meeting) തികച്ചും പരാതിരഹിതമായിരിക്കണമെന്നും മുൻവർഷങ്ങളിലുണ്ടായ പാളിച്ചകൾ ഒരു കാരണവശാലും ആവർത്തിക്കരുതെന്നും ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ കർശന നിർദ്ദേശം നൽകി. ഭക്തർക്കായി കൃത്യമായ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അയ്യപ്പന്മാർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന ശബരിമല തീർത്ഥാടനത്തിന്റെ ആദ്യഘട്ട അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തീർത്ഥാടനത്തിന് വളരെ മുൻപ് തന്നെ എല്ലാ വകുപ്പുകളും സംയുക്തമായി തയ്യാറെടുപ്പുകൾ ആരംഭിക്കണം. കഴിഞ്ഞ തീർത്ഥാടന കാലത്തിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുള്ള അമിതമായ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കണം. തിരക്ക് കാരണം ചില തീർത്ഥാടകർക്ക് പന്തളത്ത് വെച്ച് യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടി വന്ന സാഹചര്യം ഇത്തവണ ഒഴിവാക്കണം. ശബരിമല തീർത്ഥാടനത്തിന്റെ പൂർണ്ണ ചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെങ്കിലും ഇതിൽ സംസ്ഥാന സർക്കാരിന് വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ഉടൻ തന്നെ വിപുലമായ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

വലിയ വാഹനങ്ങൾ പമ്പയിലേക്ക് നേരിട്ട് വിടാൻ ആലോചന
തീർത്ഥാടന കാലത്തിന് മുൻപ് തന്നെ ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളും കൃത്യമായി അറ്റകുറ്റപ്പണികൾ (Maintenance) നടത്തി സജ്ജമാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ആവശ്യത്തിന് ബസ് സർവീസുകൾ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം പൂർണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വലിയ വാഹനങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് വരുന്ന തീർത്ഥാടകരെ നിലക്കലിൽ നിർബന്ധിതമായി ഇറക്കിവിടുന്നത് മൂലം അവർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഇത്തരം വലിയ കെഎസ്ആർടിസി ഇതര വാഹനങ്ങളെ പമ്പയിലേക്ക് നേരിട്ട് കടത്തിവിടുന്ന കാര്യത്തിൽ പോലീസും ദേവസ്വം ബോർഡും സംയുക്തമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കണം.

തീർത്ഥാടന മേഖലകളിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അതത് മണ്ഡലങ്ങളിലെ എംഎൽഎമാർ അടിയന്തരമായി ശ്രദ്ധയിൽപ്പെടുത്തണം. ഇക്കാര്യത്തിൽ പ്രത്യേക തസ്തികകൾ അനുവദിച്ച് താൽക്കാലിക നിയമനം നടത്താൻ ആരോഗ്യവകുപ്പ് നടപടിയുണ്ടാകുമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. തീർത്ഥാടനകാലത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ അവലോകനയോഗം വിളിച്ചുചേർത്ത മന്ത്രിയുടെ നടപടിയെ യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർ പ്രത്യേകം അഭിനന്ദിച്ചു.

ആന്റോ ആന്റണി എംപി, എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, എം.ജെ.സെബാസ്റ്റ്യൻ, സി.വി.ശാന്തകുമാർ, കെ.യു.ജെനിഷ് കുമാർ, വർഗീസ് മാമൻ. ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം ഐഎഎസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, ബോർഡ് അംഗം കെ.രാജു, പത്തനംതിട്ട ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, പത്തനംതിട്ട പോലീസ് സൂപ്രണ്ട് ആർ.ആനന്ദ്, പന്തളം കൊട്ടാരം പ്രതിനിധി പ്രദീപം കുമാർ വർമ്മ, ദേവസ്വം കമ്മീഷണർ ബി.സുനിൽകുമാർ, ചീഫ് എൻജിനിയർ ര‍ഞ്ജിത്ത് ശേഖർ, എക്സിക്യൂട്ടീവ് ഓഫീസർ ഒ.ബി.ബിജു തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Story Summary: Health and Devaswom Minister K. Muraleedharan directed officials to ensure a complaint-free Sabarimala pilgrimage season, addressing the shortcomings of the previous year. Presiding over a review meeting at Thycaud Guest House, the Minister emphasized crowd management, particularly to avoid situations like the previous year where pilgrims had to halt their journey at Pandalam due to heavy rush. He noted that a high-level meeting chaired by the Chief Minister will be convened soon. The Minister also suggested that police and the Devaswom Board should consider allowing chartered heavy vehicles directly to Pamba to reduce financial burdens on pilgrims, rather than offloading them at Nilakkal. Road repairs and health sector staffing will be fast-tracked ahead of the season.

Clickable Info Box