മുംബൈ: മഹാരാഷ്ട്രയിൽ ജനജീവിതം പൂർണ്ണമായി സ്തംഭിപ്പിച്ച് അതിശക്തമായ കാലവർഷം. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും പെട്ട് സംസ്ഥാനത്ത് ഇതുവരെ 13 പേർ മരിച്ചതായി മന്ത്രി ഗിരിഷ് മഹാജൻ അറിയിച്ചു. സാഹചര്യം അതിരൂക്ഷമായതോടെ മുംബൈയിലെ പരമാവധി ജീവനക്കാരോട് ‘വർക്ക് ഫ്രം ഹോം’ എടുക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര നിർദ്ദേശം നൽകി. അത്യാവശ്യ വിഭാഗത്തിൽ പെടാത്ത എല്ലാ സർക്കാർ ഓഫീസുകളും ഉച്ചയ്ക്ക് ശേഷം അടച്ചിടും. മുംബൈയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.(Maharashtra Heavy Rain Flood 13 Killed Mumbai Work From Home Pune Red Alert)
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ, ഫെറി സർവീസുകൾ പാടേ തകിടം മറിഞ്ഞു. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലുള്ള റെയിൽ ഗതാഗതം പൂർണ്ണമായി താറുമാറായിട്ടുണ്ട്. ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 16 ഓളം ട്രെയിനുകൾ റദ്ദാക്കുകയും ഒൻപത് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. മുംബൈ – പൂനെ എക്സ്പ്രസ്വേയും പഴയ പൂനെ – മുംബൈ ഹൈവേയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ശക്തമായ കാറ്റിൽ മുംബൈ നഗരത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 350-ലധികം മരങ്ങളാണ് കടപുഴകി വീണത്. വരും മണിക്കൂറുകളിൽ മുംബൈ, താനെ, റായ്ഗഡ് എന്നീ സമീപ ജില്ലകളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയിൽ നിലവിൽ ഓറഞ്ച് അലർട്ടും പൂനെയിൽ അതീവ ജാഗ്രത നിർദ്ദേശമായ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൂനെയിലെ പഠാൻ ഗ്രാമത്തിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരാൾ മരിച്ചു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ കൂടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇവർക്കായി എൻ.ഡി.ആർ.എഫും പോലീസും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര നിയമസഭയുടെ മൺസൂൺ സമ്മേളന നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് തിങ്കളാഴ്ച സഭ പിരിഞ്ഞു.
Story Summary
Heavy monsoon rains have devastated Maharashtra, claiming 13 lives in the last four days. The State Disaster Management Authority has advised ‘work from home’ for employees in Mumbai, while schools and non-essential government offices were closed. Transport has been severely hit with the closure of the Mumbai-Pune Expressway and the cancellation of 16 trains. A landslide in Pune killed one person, and the state assembly’s monsoon session was adjourned early due to the crisis.

