ഇസ്ലാമാബാദ്: പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിനിടെ, ഇന്ത്യയുടെ അടിയന്തര സഹായം തേടി സമര നേതാക്കൾ രംഗത്ത്. പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സൈന്യം കടുത്ത അടിച്ചമർത്തലും സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയതോടെ മേഖലയിൽ കടുത്ത ഭക്ഷ്യ-മരുന്ന് ക്ഷാമം നേരിടുകയാണെന്ന് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ വെളിപ്പെടുത്തി. ഇന്ത്യ മാനുഷിക സഹായം നൽകണമെന്നും നിയന്ത്രണ രേഖ തുറന്നുതരണമെന്നും അദ്ദേഹം പരസ്യമായി അഭ്യർത്ഥിച്ചു.(PoK Protests JAAC Leader Sardar Aman Khan Appeals India For Help Open LoC Border)
സാഹചര്യങ്ങൾ ഇനിയും വഷളായാൽ ജനങ്ങൾക്ക് ഇന്ത്യയിലേക്ക് മാറാൻ അതിർത്തി തുറന്നുനൽകണമെന്നാണ് സമരസമിതിയുടെ ആവശ്യം. റാവൽക്കോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന വൻ ജനമുന്നേറ്റത്തെ അഭിസംബോധന ചെയ്തുകൊണ്ട് സർദാർ അമൻ ഖാൻ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“ഞങ്ങൾക്ക് ഇന്ത്യയുടെ സഹായം വേണം. ഇവിടെ റേഷൻ ക്ഷാമം രൂക്ഷമാണ്. തോക്കുകളും ബുള്ളറ്റുകളും കൊണ്ടാണ് പാക് ഭരണകൂടം ജനങ്ങളുടെ ആവശ്യങ്ങളെ നേരിടുന്നതെങ്കിൽ ഞങ്ങൾക്ക് മറ്റ് വഴികൾ തേടേണ്ടി വരും,” അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. പൂഞ്ച്, ദോഡ സെക്ടറുകളിലെ നിയന്ത്രണരേഖ തുറക്കണമെന്നും ഇന്ത്യയിലേക്ക് മാർച്ച് ചെയ്യാൻ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചപ്പോൾ ‘തയ്യാറാണ്’ എന്ന് ജനക്കൂട്ടം ആവർത്തിച്ച് വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്. ജൂൺ 30-ന് നടന്ന റാലിയിലെ ദൃശ്യങ്ങളാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി പാക് അധീന കശ്മീരിൽ നടക്കുന്ന വൻ പ്രതിഷേധങ്ങളിൽ ഇതിനകം ഡസൻ കണക്കിന് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ സബ്‌സിഡികളും പ്രാദേശികമായ ചില ഭരണപരിഷ്കാരങ്ങളും ആവശ്യപ്പെട്ട് തുടങ്ങിയ ജനകീയ സമരം ഇപ്പോൾ പാകിസ്ഥാനിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റാലികളിൽ “പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല”, “ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണം” തുടങ്ങിയ ശക്തമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ജൂൺ 5-ന് ജനകീയ കൂട്ടായ്മയായ ജെ.എ.എ.സി-യെ പാകിസ്ഥാൻ ഭരണകൂടം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ‘ഭീകര സംഘടന’യായി മുദ്രകുത്തുകയും ചെയ്തതോടെയാണ് പ്രക്ഷോഭം അതിശക്തമായത്.
Story Summary
Amid ongoing violent protests and a severe economic blockade by Islamabad in Pakistan-occupied Kashmir (PoK), Joint Awami Action Committee (JAAC) leader Sardar Aman Khan has directly appealed to India for humanitarian assistance. In a viral video from a massive rally, Khan urged New Delhi to open the Line of Control (LoC) along the Poonch and Doda sectors, allowing stranded citizens facing acute food and medicine shortages to migrate to India.

