കരീംനഗർ: യൂട്യൂബ് വീഡിയോകൾ കണ്ട് കൊലപാതകം ആസൂത്രണം ചെയ്ത യുവാവിനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. കാമുകിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും നിരന്തരം അധിക്ഷേപിക്കുകയും ചെയ്ത പിത്താരി മൊഗിലി (52) എന്നയാളെയാണ് ബംഗാരപ്പു മഹേഷ് (40) എന്നയാൾ കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചു. (Telangana Murder Case)
കഴിഞ്ഞ വർഷം ഒരു വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൊഗിലി ജയിലിലായിരുന്നു. ജയിൽ മോചിതനായ ശേഷം ഇയാൾ ഈ സ്ത്രീയെ വീണ്ടും ഉപദ്രവിക്കുകയും, അവരുമായി അടുപ്പത്തിലായിരുന്ന മഹേഷിനെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മൊഗിലി നാട്ടിൽ അപവാദം പ്രചരിപ്പിച്ചത് ഇരു കുടുംബങ്ങളും തമ്മിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. ഈ തുടർച്ചയായ അധിക്ഷേപങ്ങളിലും മാനസിക പീഡനങ്ങളിലും മനംനൊന്താണ് മഹേഷ് കൊലപാതകത്തിന് പദ്ധതിയിട്ടത്.
കൊലപാതകം എങ്ങനെ നടത്തണം, ആയുധം എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ പഠിക്കാൻ മഹേഷ് യൂട്യൂബ് വീഡിയോകളെയാണ് ആശ്രയിച്ചത്. ശനിയാഴ്ച രാത്രി പിരില (മൊഹറം) ഉത്സവത്തിൽ പങ്കെടുത്ത് സൈക്കിളിൽ മടങ്ങുകയായിരുന്ന മൊഗിലിയെ, റോഡരികിൽ പതിയിരുന്ന മഹേഷ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൊഗിലി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം വീട്ടിലെത്തി വസ്ത്രങ്ങൾ മാറി ഒളിവിൽ പോകാൻ ശ്രമിച്ച മഹേഷിനെ പോലീസ് പിടികൂടുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തുനിന്നും പ്രതിയുടെ ഫോണിൽ നിന്ന് യൂട്യൂബ് സെർച്ച് ഹിസ്റ്ററി ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ പോലീസ് കണ്ടെടുത്തു. കൂടാതെ കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ്, പ്രതി സഞ്ചരിച്ച ബൈക്ക്, രക്തക്കറ പുരണ്ട വസ്ത്രങ്ങൾ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാൾക്കെതിരെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹുസ്നാബാദ് എ.സി.പി മാധവി അറിയിച്ചു.
Summary: Telangana police have arrested 40-year-old Bangarapu Mahesh for murdering 52-year-old Pytari Mogili after watching YouTube videos on how to commit murder. The victim had been repeatedly harassing Mahesh and his partner, who had previously filed a rape case against Mogili. Mahesh confessed to the crime after police recovered the murder weapon and his mobile phone, which contained evidence of his search history.

