തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂലൈ 2 വരെ സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. (Kerala Rain Alert)
മഴ മുന്നറിയിപ്പ് (ജില്ലാ അടിസ്ഥാനത്തിൽ):
ഓറഞ്ച് അലർട്ട്: ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട്: ബാക്കിയുള്ള 8 ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. എറണാകുളം മൂവാറ്റുപുഴയിൽ അമ്പലംപടി ചെക്ക്ഡാം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. കാക്കനാട് കളക്ടറേറ്റ് വളപ്പിൽ മരം കടപുഴകി വീണ് കാർ തകർന്നു. കോഴിക്കോട് പതങ്കയത്ത് യുവാവിനെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത് ആശങ്കയുണ്ടാക്കി.
കാലാവസ്ഥാ മോശമായ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലയിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള രാത്രിയാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Summary: Heavy rainfall has resumed across Kerala, prompting the India Meteorological Department to issue an orange alert in six districts—Idukki, Ernakulam, Kozhikode, Wayanad, Kannur, and Kasaragod—and a yellow alert in the remaining eight districts. The IMD has warned of continued heavy rainfall accompanied by lightning for the next five days, until July 2.

