കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (West Bengal UCC bill) ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു യു.സി.സി നടപ്പിലാക്കുമെന്നത്.
അധികാരത്തിൽ വന്ന് ആറ് മാസത്തിനകം ബിൽ കൊണ്ടുവരുമെന്നായിരുന്നു പാർട്ടി പ്രകടനപത്രികയിലെ പ്രഖ്യാപനമെങ്കിലും, നിശ്ചയിച്ച സമയപരിധിക്ക് വളരെ മുൻപ് തന്നെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബിൽ നിയമസഭയിലെത്തിക്കുകയാണ്. നിലവിൽ പുരോഗമിക്കുന്ന ബജറ്റ് സമ്മേളനത്തിനിടയിലാണ് തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്കായി ബിൽ സമർപ്പിക്കുന്നത്.
ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മാതൃകയിൽ കൃത്യമായ നിയമനടപടികൾ പാലിച്ചായിരിക്കും ബംഗാളിലും യു.സി.സി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതസ്ഥർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ.
കൂടാതെ ഈ പുതിയ നിയമത്തിലൂടെ സംസ്ഥാനത്ത് ബഹുഭാര്യത്വവും മുത്തലാഖും പൂർണ്ണമായി നിരോധിക്കാനും ലിവ്-ഇൻ (Live-in) പങ്കാളിത്തങ്ങൾ നിർബന്ധിതമായി രജിസ്റ്റർ ചെയ്യാനും ബില്ലിൽ നിർദ്ദേശമുണ്ട്. അതേസമയം, ബിൽ വ്യക്തിനിയമങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ബിൽ സഭയിൽ വരുമ്പോൾ വലിയ രാഷ്ട്രീയ വടംവലികൾക്കായിരിക്കും ബംഗാൾ നിയമസഭ സാക്ഷ്യം വഹിക്കുക.
Story Summary: West Bengal Chief Minister Suvendu Adhikari announced that the Uniform Civil Code (UCC) Bill will be introduced in the State Assembly this Monday during the ongoing budget session. Following the templates of Uttarakhand and Assam, the bill proposes uniform laws for marriage, divorce, and property, while banning polygamy and mandating live-in relationship registrations.

