ന്യൂഡൽഹി: രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയിട്ട് മാസം പകുതി പിന്നിട്ടിട്ടും പ്രതീക്ഷിച്ച മഴ ലഭിക്കാതെ രാജ്യം കടുത്ത വരൾച്ചാ ഭീതിയിലേക്ക് (India monsoon deficit June 2026). കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട ആകെ മഴയിൽ 64 ശതമാനത്തിന്റെ വൻ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ സമയമാകുമ്പോഴേക്കും രാജ്യം മുഴുവൻ വ്യാപിച്ച് ശക്തമാകേണ്ട കാലവർഷം നിലവിൽ അതീവ ദുർബലമായ അവസ്ഥയിലാണ് തുടരുന്നത്.
മഴ മാറിനിൽക്കുന്നതോടെ രാജ്യത്തെ പ്രധാന ജലസംഭരണികളിലെയും ഡാമുകളിലെയും ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നു കഴിഞ്ഞു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷക്കാറ്റിനെ കരയിലേക്ക് നയിക്കാൻ പാകത്തിലുള്ള ശക്തമായ ന്യൂനമർദങ്ങളോ അന്തരീക്ഷ ചുഴലികളോ രൂപപ്പെടാത്തതാണ് മൺസൂണിന്റെ വ്യാപനത്തെ പൂർണ്ണമായി മന്ദീഭവിപ്പിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക സീസണായ ‘ഖരീഫ്’ വിളക്കാലമാണിത്. ഈ സമയത്ത് നെല്ല്, പരുത്തി, പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ വ്യാപകമായി വിതയ്ക്കുന്നത് പൂർണ്ണമായും കാലവർഷത്തെ ആശ്രയിച്ചാണ്. എന്നാൽ മൺസൂൺ ചതിച്ചതോടെ രാജ്യത്തെ കോടിക്കണക്കിന് കർഷകർ ഇപ്പോൾ കടുത്ത ആശങ്കയിലാണ്. ആഗോളതലത്തിലുണ്ടാകുന്ന താപനില വ്യതിയാനങ്ങളും പസഫിക് സമുദ്രത്തിലെ മാറ്റങ്ങളും ഇന്ത്യൻ മൺസൂണിന്റെ സ്വാഭാവിക ഗതിയെ തടസ്സപ്പെടുത്തിയതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷവും രാജ്യത്ത് സമാനമായ സാഹചര്യമായിരുന്നു. മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറയുകയും പെയ്യുന്ന മഴ അതിശക്തമായ പ്രളയമായി മാറുകയും ചെയ്യുന്ന ദുരന്തകാരിയായ കാലാവസ്ഥാ വ്യതിയാനമാണ് രാജ്യം ഇപ്പോൾ നേരിടുന്നത്.
ജൂണിൽ പെയ്തതും പ്രതിസന്ധികളും
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം, ജൂൺ നാലിനും ജൂൺ 15-നും ഇടയിൽ രാജ്യത്ത് സാധാരണ ലഭിക്കേണ്ടത് 53.7 മില്ലീമീറ്റർ മഴയായിരുന്നു. എന്നാൽ ഇതിന്റെ സ്ഥാനത്ത് വെറും 19.2 മില്ലീമീറ്റർ മഴ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെയും മധ്യ ഇന്ത്യയുടെയും ഭൂരിഭാഗം പ്രദേശങ്ങളിലും അസാധാരണമാംവിധം മേഘങ്ങളുടെ അഭാവം കാണിക്കുന്നതായാണ് നിരീക്ഷണ ഉപഗ്രഹ ഡാറ്റകൾ വ്യക്തമാക്കുന്നത്. ഹിമാലയൻ പ്രദേശം, വടക്കുകിഴക്കൻ ഇന്ത്യ, ഇൻഡോ-ഗംഗാ സമതലത്തിന് വടക്കുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ കാര്യമായി മേഘങ്ങളുള്ളത്. അറബിക്കടൽ വഴിയുള്ള കാലവർഷ പാതയും പൂർണ്ണമായി ദുർബലമാണ്.
അന്തരീക്ഷത്തിന്റെ മുകൾഭാഗത്തുള്ള ‘പടിഞ്ഞാറൻ ജെറ്റ് സ്ട്രീം’ (Western Jet Stream) എന്ന വായൂപ്രവാഹം സാധാരണയേക്കാൾ തെക്കോട്ട് മാറിയതാണ് ഇപ്പോഴത്തെ പ്രധാന വില്ലൻ. ഇത് ഇന്ത്യയിലെ കാലവർഷത്തെ ശക്തമായി നിലനിർത്താൻ സഹായിക്കുന്ന ‘കിഴക്കൻ ജെറ്റ് സ്ട്രീമിനെ’ (Eastern Jet Stream) തടസ്സപ്പെടുത്തുന്നു. കിഴക്കൻ ജെറ്റ് സ്ട്രീം ആണ് സാധാരണയായി മഴമേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്നത്. ഇപ്പോൾ പടിഞ്ഞാറൻ കാറ്റുകൾ ശക്തമായത് മേഘങ്ങൾ രൂപപ്പെടുന്നതിനെ തടയുകയും മഴയുടെ അളവ് കുത്തനെ കുറയ്ക്കുകയും ചെയ്യുന്നു.
വരും ദിവസങ്ങളിൽ കാറ്റ് അനുകൂലമാകുമോ?
നിലവിലെ സാഹചര്യം ആശങ്കാജനകമാണെങ്കിലും വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രവചനം. ജൂൺ അവസാന വാരത്തോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കാലവർഷം വീണ്ടും സജീവമാകാൻ സഹായിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ബുള്ളറ്റിനിൽ പറയുന്നു.
എങ്കിലും, ജൂൺ 15 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ രാജ്യത്ത് കാലവർഷം മൊത്തത്തിൽ ദുർബലമായിരിക്കുമെന്നാണ് വിവിധ വെതർ മോഡലുകൾ (Weather Models) സൂചിപ്പിക്കുന്നത്. ജൂൺ 23-ഓടെ മാത്രമേ മഴയുടെ അളവിൽ കാര്യമായ പുരോഗതി ഉണ്ടാകൂ. മൺസൂൺ കാറ്റുകൾ ഭൂപടത്തിൽ വടക്കോട്ട് നീങ്ങുന്നുണ്ടെങ്കിലും (Monsoon Advancement), വ്യാപകമായി മഴ പെയ്യിക്കാനുള്ള അന്തരീക്ഷ സാഹചര്യം (Monsoon Activity) നിലവിൽ രാജ്യത്ത് അതീവ ദുർബലമാണ്. അടുത്ത 4-5 ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയുടെ കൂടുതൽ ഭാഗങ്ങൾ, കർണാടകയുടെ അവശേഷിക്കുന്ന പ്രദേശങ്ങൾ, തെലങ്കാന, ഒഡീഷ, ഝാർഖണ്ഡ്, ബിഹാർ, ഛത്തീസ്ഗഢ് എന്നിവടങ്ങളിലേക്ക് കാലവർഷം എത്തും. എന്നാൽ ഇത് സാങ്കേതികം മാത്രമാണ്.
കിഴക്കൻ ഇന്ത്യയിൽ മഴ നൽകുന്ന അന്തരീക്ഷ സംവിധാനം അസാധാരണമാംവിധം ദുർബലമായി തുടരുന്നതിനാൽ, നിലവിലുള്ള മഴക്കുറവ് വരും ദിവസങ്ങളിൽ കൂടുതൽ വർദ്ധിക്കുമെന്നാണ് നിരീക്ഷണം. കർണാടകയുടെ ഉൾപ്രദേശങ്ങൾ, ആന്ധ്ര-കർണാടക അതിർത്തി, തെക്കൻ തമിഴ്‌നാട്, കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ എന്നിവടങ്ങളിൽ ജൂൺ 22 മുതൽ 28 വരെയുള്ള തീയതികളോടെ ഇടിമിന്നലോടുകൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്. ഇതോടൊപ്പം കേരളം, കർണാടക തീരപ്രദേശങ്ങളിലും മുംബൈ വരെയുള്ള തീരമേഖലകളിലും മഴയുടെ അളവ് വർദ്ധിക്കുമെങ്കിലും, ഈ ഘട്ടത്തിലും അതിശക്തമായ മൺസൂൺ പെയ്ത്തിന് സാധ്യത കാണുന്നില്ലെന്നാണ് നിലവിലെ പ്രവചനം.
Story Summary: According to the India Meteorological Department (IMD), India faced a 64% deficit in southwest monsoon rainfall between June 4 and June 15, receiving only 19.2 mm against the normal 53.7 mm. The weak monsoon is caused by shifts in the Western Jet Stream blocking rain clouds and a lack of low-pressure systems. This delay raises concerns for Kharif crop sowing and reservoir levels. While the monsoon is advancing technically, significant rainfall activity is expected only after June 23, with a potential low-pressure system in late June.

