ആധാർ കാർഡ് പൗരത്വത്തിനുള്ള തെളിവായി ഉപയോഗിക്കുന്നത് സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി. ആധാർ കേവലം തിരിച്ചറിയൽ രേഖ (Proof of Identity) മാത്രമാണെന്നും, അത് പൗരത്വത്തിനോ, താമസസ്ഥലത്തിനോ (Domicile), ജനനത്തീയതിക്കോ ഉള്ള തെളിവായി കണക്കാക്കരുത് എന്ന് വ്യക്തമാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം (Aadhaar Identity Proof). ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ നോട്ടീസ് അയച്ചത്. അഡ്വക്കറ്റ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി.
ആധാർ നിയമം, 2016 സെക്ഷൻ 9 പ്രകാരം ആധാർ പൗരത്വത്തിന്റെയോ താമസസ്ഥലത്തിന്റെയോ തെളിവല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2023 ഓഗസ്റ്റ് 22-ലെ യുഐഡിഎഐ (UIDAI) വിജ്ഞാപനത്തിലും ഇതേ കാര്യം ആവർത്തിക്കുന്നുണ്ട്. എന്നിട്ടും സ്‌കൂൾ പ്രവേശനം, സ്വത്ത് വാങ്ങൽ, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പുതിയ വോട്ടർ രജിസ്ട്രേഷൻ (ഫോം 6) തുടങ്ങിയവയ്ക്കായി ആധാർ പൗരത്വത്തിനും ജനനത്തീയതിക്കും തെളിവായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ വാദിക്കുന്നു.
ഇത്തരത്തിൽ ആധാർ ഉപയോഗിക്കുന്നത് അനധികൃത കുടിയേറ്റക്കാർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിവിധ രേഖകൾ ലഭിക്കാൻ വഴിയൊരുക്കുന്നുണ്ടെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. നിലവിലെ വോട്ടർ രജിസ്ട്രേഷൻ സംവിധാനം (ഫോം 6) അപര്യാപ്തമാണെന്നും, സുരക്ഷാ പരിശോധനകൾക്കായി സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സൈബർ-ഫോറൻസിക് വിദഗ്ധരടങ്ങുന്ന ഹൈ-പവർ കമ്മറ്റിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സമാനമായ വിഷയത്തിൽ നേരത്തെ ലഭിച്ച ഹർജികൾക്കൊപ്പം ഈ കേസും കോടതി പരിഗണിക്കും.
Summary: The Supreme Court has issued notices to the Centre and all State governments seeking their response to a plea challenging the misuse of Aadhaar as proof of citizenship, domicile, and date of birth. Filed by advocate Ashwini Kumar Upadhyay, the petition contends that Aadhaar is legally defined only as a proof of identity under Section 9 of the Aadhaar Act, 2016, and its use as a primary document for school admissions, voter registration (Form-6), and property purchases facilitates potential misuse by illegal immigrants.

