ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ വൻ പിളർപ്പ് (TMC split West Bengal election). പാർട്ടി അധ്യക്ഷ മമത ബാനർജിക്കും നേതൃത്വത്തിനും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് വിമത എംപിമാർ ഡൽഹിയിലെത്തി കേന്ദ്ര പരിസ്ഥിതി മന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിന്റെ വസതിയിൽ ഒത്തുചേർന്ന് അതീവ നിർണ്ണായക ചർച്ചകൾ നടത്തി. തങ്ങൾക്കൊപ്പം നിലവിൽ 22 ലോക്സഭാ എംപിമാരുടെ ശക്തമായ പിന്തുണയുണ്ടെന്ന് തൃണമൂൽ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന മുതിർന്ന നേതാവും എംപിയുമായ കകോലി ഘോഷ് ദസ്തിദാർ അവകാശപ്പെട്ടു.
ലോക്സഭയിൽ തങ്ങളെ പ്രത്യേക പാർലമെന്ററി ബ്ലോക്കായി അംഗീകരിക്കണമെന്നും ഭരണകക്ഷിയായ എൻഡിഎ (NDA) എംപിമാർക്കൊപ്പം ഇരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിമതർ തിങ്കളാഴ്ച (നാളെ) ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. സഭയിൽ തങ്ങളെയാണ് ‘യഥാർത്ഥ തൃണമൂൽ കോൺഗ്രസ്’ ആയി അംഗീകരിക്കേണ്ടതെന്നാണ് ഇവരുടെ പ്രധാന വാദം. രണ്ട് എംപിമാർ കൂടി തങ്ങളുടെ ക്യാമ്പിലേക്ക് ഉടൻ എത്തുുമെന്നും, അവർ ഔദ്യോഗികമായി ഒപ്പുവെച്ച ശേഷം പേരുകൾ പരസ്യപ്പെടുത്തുമെന്നും കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും മുൻപ് കകോലി ഘോഷ് ദസ്തിദാർ വ്യക്തമാക്കി.
ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിന് ആകെ 28 അംബഗലമാണുള്ളത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള അയോഗ്യതയടക്കമുള്ള കർശന നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ആകെ അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭാഗത്തിന്റെ (അതായത് 19 എംപിമാർ) പിന്തുണ വിമത പക്ഷത്തിന് അനിവാര്യമാണ്. എന്നാൽ നിലവിൽ 22 പേരുടെ വ്യക്തമായ പിന്തുണ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്നതിനാൽ നിയമക്കുരുക്കുകളെ എളുപ്പത്തിൽ മറികടക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വിമതർ. ഇതിനിടെ, മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന മുതിർന്ന ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായയും വിമതർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത് ഔദ്യോഗിക നേതൃത്വത്തിന് വലിയ തിരിച്ചടിയായി. സാവോനി ഘോഷ്, മാലാ റോയ്, ശതാബ്ദി റോയ്, അരൂപ് ചക്രവർത്തി തുടങ്ങിയ പ്രമുഖരും ഡൽഹിയിലെ ചർച്ചകളിൽ പങ്കെടുത്തു.
ആദ്യം കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിമതരുടെ നിർണ്ണായക യോഗമാണ് രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലാക്കാൻ അവസാന നിമിഷം ഡൽഹിയിലേക്ക് മാറ്റിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാകും സ്പീക്കർക്ക് നൽകാനുള്ള അന്തിമ കത്തിൽ വിമതർ ഒപ്പുവെക്കുകയെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിനെതിരെ പാർട്ടിയിൽ മാസങ്ങളായി പുകഞ്ഞിരുന്ന ആഭ്യന്തര കലഹമാണ് ഇപ്പോൾ രാജ്യതലസ്ഥാനത്ത് പരസ്യമായ പിളർപ്പിലേക്കും രാഷ്ട്രീയ നാടകങ്ങളിലേക്കും വഴിമാറിയിരിക്കുന്നത്.
Story Summary: The Trinamool Congress (TMC) faces a major split following its defeat in the West Bengal assembly elections. Led by MP Kakoli Ghosh Dastidar, 20 rebel TMC Lok Sabha MPs met Union Minister Bhupender Yadav in Delhi, claiming the support of 22 out of 28 total MPs. The faction plans to meet Speaker Om Birla on Monday to seek recognition as the ‘real TMC’ and align with the NDA, potentially bypassing the anti-defection law with a two-thirds majority.

