ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ കർണാടക സർക്കാർ ഉത്തരവിട്ടു (Dr CJ Roy CID probe). കേസ് സി.ഐ.ഡിക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനമാണ് റോയിയുടെ ജീവനെടുത്തതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരനും ഗ്രൂപ്പ് ഡയറക്ടറുമായ സി.ജെ. ബാബു നൽകിയ അഞ്ച് പേജുള്ള പരാതിയിലാണ് ഈ നടപടി.
ആദായനികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം സി.ഐ.ഡി പരിശോധിക്കും. റോയിയുടെ മരണം സംഭവിച്ചതിന് ശേഷവും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നുവെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവകരമാണ്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിസിനസ് ഇടപാടുകളും റെയ്ഡിന് പിന്നിലെ കാരണങ്ങളും അന്വേഷണ പരിധിയിൽ വരും.പരിശോധനയിൽ പങ്കെടുത്ത ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി സി.ഐ.ഡി ഇന്ന് രേഖപ്പെടുത്തിയേക്കും.
അന്തരിച്ച സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുകൊടുത്തു. സഹോദരൻ സി.ജെ. ബാബുവിന്റെ കോറമംഗലയിലെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് കോറമംഗലയിലുള്ള സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.

