ടെൽ അവീവ്: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ സൈനിക നീക്കങ്ങൾക്കൊടുവിൽ ഇറാനെതിരായ വ്യോമാക്രമണം തത്ക്കാലത്തേക്ക് നിർത്തിവയ്ക്കുകയാണെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു (Israel Iran conflict temporary ceasefire). പ്രകോപനങ്ങൾ വീണ്ടുമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. മേഖലയിൽ സമാധാനത്തിനായുള്ള അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിനെ നടുക്കി ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്.
വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മാരകമായ ബാലിസ്റ്റിക് മിസൈലുകൾ (Ballistic Missiles) ആകാശത്തുവെച്ചുതന്നെ പൂർണ്ണമായി തകർത്തെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (IDF) അവകാശപ്പെടുന്നത്. ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ സേന നടത്തിയ ശക്തമായ ആക്രമണത്തിനാണ് തങ്ങൾ മിസൈലുകളിലൂടെ മറുപടി നൽകിയതെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേലും തിരിച്ചടിച്ചു. ഇറാനെതിരെ കൂടുതൽ പ്രത്യാക്രമണങ്ങൾ വേണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർശന നിർദേശം പൂർണ്ണമായും അവഗണിച്ചാണ് ഇസ്രയേൽ ഈ ആക്രമണം നടത്തിയത്.
നേരത്തെ ലെബനോനിൽ ഇസ്രയേൽ സേന നടത്തിയ കടുത്ത സൈനിക നീക്കങ്ങളെയും ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു. യുദ്ധത്തിന്റെ തുടർനീക്കങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര മന്ത്രിസഭായോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെ, മേഖലയിൽ താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി ഇറാനും ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ലെബനോണിൽ ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ രീതിയിൽ ഇസ്രയേലിനെതിരെ തിരിച്ചടിക്കുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന അവസാന മുന്നറിയിപ്പ്.
Story Summary: Israel has announced a temporary halt to its military strikes against Iran, with PM Benjamin Netanyahu warning of retaliation if further provoked. The escalation began with Iranian ballistic missile strikes on northern Israel in response to Israeli attacks in Beirut. Breaking the advice of US President Donald Trump, Israel counter-attacked Tehran. Following an emergency cabinet meet called by Netanyahu, Iran also declared a temporary ceasefire, warning of fresh attacks if Israel continues operations in Lebanon.

